nelle
കണ്ണീർപ്പാടത്തെ നെൽക്കൂനകൾ

# പ്രതിഷേധിച്ച് കർഷകർ

ആലപ്പുഴ: നെല്ലു കൂടിക്കിടക്കുന്ന പാടങ്ങൾ മഴയുടെ പിടയിലായതോടെ രോഷത്തോടെ, അതിലേറെ നിരാശയോടെ കർഷകർ സമരത്തിലേക്ക്. മങ്കൊമ്പ് പാഡി ഓഫീസിനു മുന്നിലും എ.സി റോഡിലും കർഷകർ പ്രതിഷേധിച്ചു.

ഒരുമാസത്തിനിടെ 48 പാടശേഖരങ്ങളിലായി 2200 ഹെക്ടർ സ്ഥലത്തെ വിളവെടുപ്പ് പൂർത്തീകരിച്ചെങ്കിലും ഇന്നലെവരെ 22 പാടശേഖരങ്ങളിലെ 2964.48 മെട്രിക് ടൺ നെല്ല് മാത്രമാണ് സംഭരിച്ചത്. 10,000ത്തോളം മെട്രിക് ടൺ നെല്ലാണ് പാടത്തും പറമ്പുകളിലുമായി കെട്ടിക്കിടക്കുന്നത്. ഇന്നലെ പാഡി വിഭാഗം ഉദ്യോഗസ്ഥർ കളക്ടറുമായും സിവിൽ സപ്ളൈസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്തിയിരുന്നു. എന്നാൽ മില്ലുടമകൾ അനുരഞ്ജനത്തിന് തയ്യാറാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

സംഭരിക്കുന്ന ഒരു ക്വിന്റൽ നെല്ലിന് 68 കിലോ അരി മില്ലുകാർ സിവിൽ സപ്ളൈസ് കോർപ്പറേഷന് നൽകണമെന്നാണ് കേന്ദ്ര നിബന്ധന. 64.5 കിലോ നൽകിയാൽ മതിയെന്ന് സംസ്ഥാന സർക്കാർ മില്ലുടമകളുമായി ധാരണയിലെത്തിയിരുന്നു. പക്ഷേ, 68 കിലോ അരി നൽകണമെന്ന കോടതി ഉത്തരവ് തടസമായതോടെ 3.5 കിലോ അരിയുടെ പേരിലുള്ള തർക്കം പരിഹരിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

# പ്രതിഷേധം കനക്കുന്നു

നെല്ല് സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ രണ്ടുദിവസമായി സമരത്തിലാണ്. ഇന്നലെ കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് കമ്മkറ്റിയുടെ നേതൃത്വത്തിൽ പാഡി ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് കർഷകർ പങ്കെടുത്തു. കഴിഞ്ഞ ദിവസം കർഷകർ എ.സി റോഡിൽ നെല്ല് വിരിച്ച് പ്രതിഷേധിച്ചിരുന്നു.

# അംഗീകാരം റദ്ദാക്കണം

നെല്ല് സംഭരിക്കാൻ തയ്യാറാകാത്ത മില്ലുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് ജി. ഹരിശങ്കർ, സെക്രട്ടറി സി.ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ആവശ്യപ്പെട്ടു. മില്ലുകാർ ഉന്നയിച്ച വിഷയങ്ങൾ സംബന്ധിച്ച് മന്ത്രി കെ.എൻ.ബാലഗോപാൽ, മന്ത്രി ജി.ആർ.അനിൽ, മന്ത്രി പി.പ്രസാദ് എന്നിവർ പല തവണ ചർച്ച നടത്തിയിട്ടും നെല്ല് സംഭരിക്കാൻ തയ്യാറാകത്തത് കർഷകരോടുള്ള വെല്ലുവിളിയാണ്. നെല്ലെടുക്കാത്ത മില്ലുകളെ കരിമ്പട്ടികയിൽപ്പെടുത്തി അംഗീകാരം റദ്ദാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.