ആലപ്പുഴ : കുടിവെള്ളം കിട്ടാതെയുള്ള ദുരിതം തുടർക്കഥയായ ആലപ്പുഴ നഗരത്തിൽ വീടുകളോട് ചേർന്ന് മഴവെള്ള സംഭരണികൾ സ്ഥാപിക്കുന്നത് സജീവ ചർച്ചയാകുന്നു. സബ്സിഡിയോടെ മഴവെള്ള സംഭരണി സ്ഥാപിക്കുന്ന പദ്ധതി വരുംകാല ബഡ്ജറ്റുകളിലെങ്കിലും നഗരസഭ ആവിഷ്ക്കരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ തുടർച്ചയായുണ്ടാകുന്ന പൊട്ടലുകളെത്തുടർന്ന് നഗരത്തിൽ അടിക്കടി കുടിവെള്ളം മുടങ്ങുന്നത് നഗരവാസികളെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. കിണറും കുഴൽക്കിണറുമുള്ള വീടുകളിൽ മാത്രമേ കുറച്ച് ആശ്വാസമുണ്ടാകൂ. എന്നാൽ ഭൂരിഭാഗം വീടുകളിലും ഇത്തരം സൗകര്യങ്ങളില്ല. പുതുതായി നിർമ്മിക്കുന്ന എല്ലാ കെട്ടിടങ്ങളിലും മഴവെള്ള സംഭരണി വേണമെന്ന് കെട്ടിട നിർമ്മാണ ചട്ടം വന്നെങ്കിലും നടപ്പാക്കാൻ ആരും മെനക്കെടുന്നില്ല. വീടുകളാണെങ്കിൽ ഒരു ചതുരശ്രമീറ്ററിന് 25 ലിറ്ററും വാണിജ്യകെട്ടിടമാണെങ്കിൽ 50 ലിറ്ററും ശേഷിയുള്ള മഴവെള്ള സംഭരണി വേണമെന്നാണ് ചട്ടം.
മഴവെള്ള സംഭരണം
ടെറസോ മേൽക്കൂരയോ വൃത്തിയാക്കി, ഇവിടെ പതിക്കുന്ന വെള്ളം പാത്തികളിലൂടെ ടാങ്കിലെത്തിക്കണം. ആദ്യത്തെ രണ്ടോ മൂന്നോ മഴയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയ ശേഷമേ സംഭരണിയിലേക്ക് ശേഖരിക്കാവൂ. ഫെറോ സിമെന്റ് കൊണ്ട് ഭൂമിക്ക് അടിയിലോ മുകളിലോ സംഭരണി നിർമിക്കാം. ചിരട്ടക്കരി, മണൽ, ചരൽ, മെറ്റൽ എന്നിവ കൊണ്ടുള്ള അരിപ്പയിലൂടെ അരിച്ചാണ് വെള്ളം സംഭരണിക്കകത്തേക്ക് ഒഴുക്കുക. 10000 മുതൽ 50000 വരെ ലിറ്ററിന്റെ സംഭരണികളാണ് വീടുകളിൽ സ്ഥാപിക്കാറുള്ളത്. ചെറിയ വീടും കുറഞ്ഞ സ്ഥലവും ഉള്ളവർക്കും സംഭരണി പണിയാം. കാർപോർച്ചിന് അടിയിൽ പോലും നിർമിക്കാം. ഒരുവർഷത്തോളം വെള്ളം കേടുകൂടാതിരിക്കും.
സംഭരണികൾ രണ്ടുവിധം
ഫെറോ സിമന്റ് ഉപയോഗിച്ച് നിർമിക്കുന്നവ
ചെറിയ കുഴികളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചുള്ളവ
നഗരവാസികൾ അനുഭവിക്കുന്നത്
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് അടിക്കടി പൊട്ടുന്നത്
ആർ.ഒ പ്ലാന്റുകളിൽ നിന്ന് ഒരാൾക്ക് ശേഖരിക്കാവുന്നത് പരമാവധി 10 ലിറ്റർ ജലം മാത്രം
മഴക്കാലത്ത് ടെറസിൽ നിന്ന് ആയിരക്കണക്കിന് ലിറ്റർ ജലമാണ് താഴേയ്ക്ക് പതിക്കുന്നത്. കിട്ടിയ പാത്രങ്ങളിലെല്ലാം മഴവെള്ളം നിറച്ചുവയ്ക്കും. അടുത്ത മഴയ്ക്കു മുമ്പേ ഒരു മഴവെള്ള സംഭരണി പണിയുകയാണ് ലക്ഷ്യം.
-കനകമ്മ, ആലപ്പുഴ