അമ്പലപ്പുഴ: ചീറിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിൽ നിന്നു കുഞ്ഞനുജത്തിയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ച അറവുകാട് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി പവിത്രയ്ക്ക് നാടിന്റെ അനുമോദനം. എച്ച്. സലാം എം.എൽ.എ സ്കൂളിലെത്തി അദ്ധ്യാപകരുടെയും സഹപാഠികളുടെയും സാന്നിദ്ധ്യത്തിൽ പവിത്രയെ പൊന്നാടയണിയിച്ചു.
പുന്നപ്ര വലിയ തെെപ്പറമ്പു വീട്ടിൽ സജിമോൻ - പ്രവീണ ദമ്പതികളുടെ മകളാണ് പവിത്ര. സഹോദരിയായ മൂന്നാം ക്ളാസുകാരി മിത്രയുടെ ജീവനാണ് ട്രെയിനിനു മുന്നിൽ നിന്ന് അവൾ വാരിയെടുത്തത്. വീടിനു മുന്നിലെ തീരദേശപാതയിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പവിത്ര. ട്രെയിൻ വരുന്നതറിയാതെ പാളത്തിലൂടെ നടന്നു നീങ്ങുകയായിരുന്നു ഈ സമയം മിത്ര. വീട്ടുകാരും മറ്റ് ബന്ധുക്കളും സമീപത്തെ വീട്ടിലെ മരണാനന്തര ചടങ്ങിന്റെ തിരക്കിലായിരുന്നു. മിത്ര പാളത്തിലൂടെ നടക്കുന്നതും പിന്നാലെ ട്രെയിൻ വരുന്നതും കണ്ട വീട്ടുകാർക്കും നാട്ടുകാർക്കും അലറിവിളിക്കാനേ കഴിഞ്ഞുള്ളൂ. ഇതുകേട്ട് പവിത്ര ഓടിയെത്തി കൂടെപ്പിറപ്പിനെ മാറോടു ചേർത്ത് വാരിപ്പുണർന്ന് പാളത്തിൽ നിന്ന് മാറ്റുകയായിരുന്നു. തൊട്ടടുത്ത നിമിഷം ട്രെയിൻ ഇരുവരെയും കടന്നുപോയി.
വിവരമറിഞ്ഞ് സ്കൂളിലെത്തിയ എം.എൽ.എ പവിത്രയുടെ ക്ലാസ് മുറിയായ 8 സി യിലെത്തിയാണ് പൊന്നാട അണിയിച്ചത്. ഇതേ സ്കൂളിൽ പഠിക്കുന്ന മിത്രയെയും ഈ സമയം അദ്ധ്യാപകർ പവിത്രയുടെ ക്ലാസിലെത്തിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, സ്കൂൾ എച്ച്.എം പി.കെ. സജീന, ക്ലാസ് ടീച്ചർ എസ്.എസ്. ജയശ്രീ, അദ്ധ്യാപകരായ എസ്. കല, എസ്.ആർ. അമ്പിളി, ടി.ലൈജു, പി.കെ. ഉമാനാഥ് എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു.