മാവേലിക്കര: കോടതി ജംഗ്ഷനിൽ തെരുവ് നായയെ ക്രൂരമായി വെട്ടേറ്റ നിലയിൽ കണ്ടെത്തി. മാവേലിക്കര അനിമൽ ലവേഴ്സ് കൂട്ടായ്മയുടെയും അഭിഭാഷകരുടെയും സഹായത്താൽ മാവേലിക്കര സീനിയർ വെറ്ററിനറി സർജൻ മായ ശിവറാമിന്റെ നേതൃത്വത്തിൽ നായയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി.
കൊലപാതക പരിശീലനത്തിനായി നായകളെ വെട്ടി പരിക്കേൽപ്പിച്ച സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. സമാനമായ രീതിയിലാണ് നായയ്ക്ക് വെട്ടേറ്റിരിക്കുന്നതെന്നും സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ മാവേലിക്കര പൊലീസിൽ പരാതി നൽകി. ആനിമൽ ലവേഴ്സ് കൂട്ടായ്മയുടെ പ്രവർത്തകരായ നിബു ജോൺ, ജയകുമാരി, അഭിഭാഷകരായ ശ്രീപ്രിയ, ഉമ വർമ്മ, ഷിനു ഷാജി, സൂസൺ റെജി എന്നിവർ നേതൃത്വം നൽകി.