വള്ളികുന്നം: ആലപ്പുഴ, കൊല്ലം ജില്ലകളുടെ അതിർത്തിയായ വള്ളികുന്നം - ഓച്ചിറ പ്രദേശങ്ങളുടെ തെക്ക് കിഴക്ക് ഭാഗങ്ങളിൽ രാത്രികളിൽ അപരിചിതർ തമ്പടിക്കുന്നതായി പ്രദേശവാസികൾ. കാറുകളിലും ബൈക്കുകളിലുമെത്തുന്ന സംഘം മണിക്കൂറുകളോളമാണ് ഇവിടെ ചെലവഴിക്കുന്നത്.

അതിർത്തിയായതിനാൽ പാെലീസിന്റെ ശ്രദ്ധ അധികമെത്താറില്ല. അഥവാ പാെലീസ് വന്നാൽ ഇവർക്ക് പെട്ടെന്ന് രക്ഷപ്പെടാനുമാകും. ഹയർ സെക്കൻഡറിയടക്കം ഒന്നിലധികം സ്കൂളുകളും സ്കൂൾ ജംഗ്ഷനുകളായ വട്ടയ്ക്കാട്, പുത്തൂരേത്ത്, കിണറുമുക്ക് എന്നീ പ്രദേശങ്ങളും ഇതിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ബൈക്കിൽ അമിതവേഗത്തിലെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു. ബലപ്രയോഗത്തിനൊടുവിലാണ് ഇവരെ കീഴടക്കിയത്. പൊലീസ് പരിശോധന പ്രദേശത്ത് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.