sarama-thomas

മാന്നാർ : പരുമലയിൽ പമ്പയാറ്റിൽ കാണാതായ വൃദ്ധയുടെ മൃതദേഹം എടത്വായിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ കാണാതായ പരുമല പെരുമനത്ത് വർഗീസിന്റെ ഭാര്യ സാറാമ്മ തോമസിന്റെ (സൂസി, ​65) മൃതദേഹമാണ് രാവിലെ 10.30ഓടെ എടത്വാ പച്ചയിൽ നിന്ന് കണ്ടെത്തിയത്. രാവിലെ വർഗീസ് എഴുന്നേറ്റെത്തിയപ്പോൾ വീടിന്റെ അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് തിരഞ്ഞപ്പോഴാണ് സൂസിയെ കാണാനില്ലെന്നറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ പാണ്ടനാട് ഇല്ലിമല പാലത്തിൽ കണ്ടെത്തിയതോടെ പമ്പയാറ്റിൽ ചാടിയതായി സംശയം ഉയർന്നതിനെ തുടർന്ന് പുളിക്കീഴ് പൊലീസും ചെങ്ങന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പമ്പയാറ്റിൽ തെരച്ചിൽ ആരംഭിച്ചു.

ചെങ്ങന്നൂർ സ്‌റ്റേഷൻ ഓഫീസർ സുനിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയും സ്‌കൂബാ ടീമും തിരച്ചിൽ തുടരുന്നതിനിടെയാണ് പച്ചയിൽ മൃതദേഹം കണ്ടെത്തിയ വിവരം എത്തിയത്. തുടർന്ന് പുളിക്കീഴ് പോലീസ് ബന്ധുക്കളുമായി സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. എടത്വാ പൊലീസ് മേൽനടപടി സ്വീകരിച്ചു.