a
കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് റവന്യു,​ ആർ.ബി.ഡി.സി.കെ സംയുക്ത പരിശോധന സംഘം എം.എസ് അരുൺകുമാർ എം.എൽ.എക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽ​കുന്നു

മാവേലിക്കര​: കിഫ്ബി വഴി 38.22 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന കല്ലുമല റെയിൽവേ മേൽപ്പാലം പദ്ധതി പ്രദേശത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. ഏറ്റെടുക്കുന്ന സ്ഥലവും അതിർത്തി കല്ലുകളും ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥർ സ്‌പെഷ്യൽ തഹസീൽദാർക്ക് കാട്ടിക്കൊടുത്തു. പദ്ധതിക്കായി ഏറ്റെടുക്കുന്ന പ്രദേശത്തിന്റെ വലതു ഭാഗത്ത് 38 കല്ലുകളും ഇടതു ഭാഗത്ത് 31 കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. എം.എസ് അരുൺകുമാർ എം.എൽ.എ, സ്‌പെഷ്യൽ തഹസീൽദാർ സിന്ധു, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി കളക്ടർ പി.രാജൻ, ഡെപ്യൂട്ടി തഹസീൽദാർ നൂറുള്ളഖാൻ, കിഫ്ബി കായംകുളം യൂണിറ്റ് ജൂനിയർ സൂപ്രണ്ട് കവിത ഭരതൻ, റവന്യു ഇൻസ്‌പെക്ടർ സി.ആർ നദി, സർവേയർ എൽ.സി ക്ലീറ്റസ്, സെൻസോമൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 125 സെന്റ് ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
ചെങ്ങന്നൂർ,​മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കര സ്റ്റേഷന് വടക്കു ഭാഗത്തുള്ള എൽ.സി നമ്പർ 28 ലാണ് മേൽപ്പാലം വരുന്നത്.