ആലപ്പുഴ: തകഴി​യി​ൽ പതി​വായി​ പൊട്ടി​യി​രുന്ന, ആലപ്പുഴ കുടി​വെള്ള പദ്ധതി​ പൈപ്പി​നു പകരം സ്ഥാപി​ച്ച ലൈനി​ൽ ഇന്നു പരീക്ഷണ പമ്പിംഗ് നടക്കും. കഴി​ഞ്ഞ ദി​വസം ഈ ഭാഗത്ത് മർദ്ദ പരി​ശോധന നടത്തി​യി​രുന്നു.

തകഴി കലുങ്ക് മുതൽ റെയിൽവേ ക്രോസ് വരെയുള്ള 1200 മീറ്ററി​ലാണ് പൈപ്പ് മാറ്റി സ്ഥാപിച്ചത്. കലുങ്ക് ഭാഗത്തെ പഴയ പൈപ്പ് ലൈനുമായി ബന്ധി​പ്പി​ക്കേണ്ട ജോലികൾ ഇന്ന് വൈകിട്ടോടെ പൂർത്തീകരിക്കും. തുടർന്നാവും പരീക്ഷണ പമ്പിംഗ്. ഗുണനിലവാരമില്ലാത്ത 1525 മീറ്റർ പൈപ്പാണ് മാറ്റി​ സ്ഥാപി​ക്കേണ്ടി​യി​രുന്നത്. ഓണത്തിന് മുമ്പ് പൈപ്പ് മാറ്റിയിടൽ പൂർത്തീകരിക്കണമെന്ന് മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ജോലികൾ പലതവണ നിറുത്തി വെയ്‌ക്കേണ്ടി വന്നു. ശേഷിച്ച ജോലി​കൾ അടുത്ത മാസത്തോടെ പൂർത്തീകരിക്കാൻ കരാറുകാരന് വാട്ടർ അതോറിട്ടി സമയം അനുവദിച്ചു. 325 മീറ്റർ ഒഴികെയുള്ള ഭാഗങ്ങളി​ലാണ് പുതിയ പൈപ്പ് സ്ഥാപിച്ചത്. ഒരുമീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് 2.5 മീറ്റർ കുഴിയെടുത്താണ് ഇടുന്നത്.

# പൊട്ടി​യത് 75 തവണ

2017 മേയ് 14ന് ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മി​ഷൻ ചെയ്ത ശേഷം കഴിഞ്ഞ മാസം വരെ തകഴിയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ 75 തവണയാണ് പൈപ്പ് പൊട്ടിയത്. കഴിഞ്ഞ ദിവസം തകഴി കെ.എസ്.ഇ.ബി ജംങ്ഷന് സമീപം ജലവിതരണ കുഴൽ പൊട്ടിയിരുന്നു. ഓരോ തവണയും അഞ്ച് മുതൽ ഏഴ് ലക്ഷം രൂപവരെ ചെലവഴിക്കേണ്ടിവരാറുണ്ട്. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ആദ്യഘട്ടം നിർമ്മാണ ചുമതല വഹിച്ച ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

.....................

മാറ്റി സ്ഥാപിക്കേണ്ടത്: 1525 മീറ്റർ

സ്ഥാപിച്ചത്: 1200 മീറ്റർ

മാറ്റാനുള്ളത്: 325 മീറ്റർ

.........................

നവംബർ 30ന് പൂർത്തീകരി​ക്കും

.........................

പഴയ പൈപ്പും പുതിയ പൈപ്പുമായി തകഴി കലുങ്കി​നു സമീപം ബന്ധി​പ്പി​ക്കൽ പൂർത്തീകരിച്ചാൽ ഇന്നുമുതൽ പരീക്ഷണ പമ്പിംഗ് ആരംഭിക്കും. കാലാവസ്ഥ പ്രതികൂലമല്ലെങ്കിൽ, ശേഷിച്ച പൈപ്പ് മാറ്റിയിടൽ അടുത്ത 30ന് മുമ്പ് പൂർത്തീകരിക്കും

പ്രൊജക്ട് മാനേജർ, യൂഡിസ് മാറ്റ്