 
അമ്പലപ്പുഴ: ജീവിച്ചിരിക്കുമ്പോൾ തന്നെ ചരിത്ര പുരുഷനായ നേതാവാണ് വി.എസ് അച്യുതാനന്ദനെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. വി.എസ് അച്യുതാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് നവമാദ്ധ്യമ കൂട്ടായ്മയും പുന്നപ്ര പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി.സുധാകരൻ. അഴിമതിക്കും അനീതിക്കും അസമത്വത്തിനുമെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന വിപ്ലവനായകനാണ് വി.എസ് അച്യുതാനന്ദൻ. വി.എസിന് തുല്യം വി.എസ് മാത്രമാണെന്നും ജി.സുധാകരൻ കൂട്ടിച്ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, കെ.പി.സത്യകീർത്തി, മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. പാലട പായസ വിതരണം നടത്തി വിപുലമായാണ് വി.എസിന്റെ ജന്മദിനം അദ്ദേഹത്തിന്റെ വസതിയായ വേലിക്കകത്ത് വീടിന് സമീപമുള്ള അസംബ്ലി ജംഗ്ഷനിൽ ആഘോഷിച്ചത്.