# നടപ്പാതകളില്ലാതെ നഗരം വലയുന്നു
ആലപ്പുഴ: അമൃത് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി നഗരത്തിൽ പൊളിച്ചിട്ട നടപ്പാതകൾ പുനർനിർമ്മിക്കാത്തതിനാൽ കാൽനടയാത്രികർ ദുരിതത്തിൽ. പാഞ്ഞുവരുന്ന സൂപ്പർഫാസ്റ്റ് അടക്കമുള്ള വാഹനങ്ങളുടെ മുന്നിൽപ്പെടാതിരിക്കാൻ അഭ്യാസം കാട്ടേണ്ട അവസ്ഥയാണ്.
ബോട്ട് ജെട്ടി മുതൽ ചന്ദനക്കാവ് വരെ വഴിയോര കച്ചവടം സജീവമായതിനാൽ നടപ്പാതയുടെ ഭൂരിഭാഗവും ഇങ്ങനെയും നഷ്ടമായി. ശേഷിക്കുന്ന ഭാഗത്ത് ചിലയിടങ്ങളിൽ മെറ്റിൽ പാകിയിട്ടുണ്ട്. ബാക്കി ഭാഗം മണ്ണിട്ട് മൂടിയിട്ടതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. വീതി കുറഞ്ഞ റോഡിൽ പായുന്ന വലിയ വാഹനങ്ങൾ മിക്കപ്പോഴും നടപ്പാതയിലേക്ക് കയറുന്നതും പതിവാണ്. കാൽനട, സൈക്കിൾ, ഇരുചക്ര വാഹന യാത്രികരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വലിയ വാഹനങ്ങളുടെ ബാഹുല്യമാണ് റോഡിൽ. നടപ്പാതയിൽ ചിലയിടത്ത് മെറ്റിൽ കൂട്ടിയിട്ടിരിക്കുന്നതും തലവേദനയാണ്. ബോട്ട് ജെട്ടിക്ക് സമീപം പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിലെ ടൈലുകളുടെ വശങ്ങളും തകർന്നു തുടങ്ങിയിട്ടുണ്ട്.
# തകർന്നിട്ട് ഒരു വർഷം
നഗരഹൃദയത്തിൽ മൃഗാശുപത്രിക്ക് മുൻവശമുള്ള നടപ്പാത തകർന്ന് അപകട ഭീഷണി ഉയർത്തിയിട്ട് ഒരു വർഷത്തിലേറെയായി. പാതയിലെ തകർന്ന കോൺക്രീറ്റിന് മുകളിൽ, ഈ ഭാഗത്തെ തകർന്ന ഇരുമ്പ് കൈവരി ഇട്ട് മൂടിയിരിക്കുകയാണ്. ഇതിനാൽ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. ജില്ലാക്കോടതി പാലം നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗം ഉൾപ്പടെ പൊളിച്ചു മാറ്റപ്പെടും. എന്നാൽ അതുവരെ അപകടം സംഭവിക്കാതിരിക്കാൻ താത്കാലിക സംവിധാനം പോലും ഒരുക്കുന്നില്ലെന്ന് ജനം പരാതിപ്പെടുന്നു.
മൃഗാശുപത്രിക്ക് മുന്നിലെ പാത എത്രയോ നാളുകളായി തകർന്നു കിടക്കുകയാണ്. പലപ്പോഴും ബസ് വരുമ്പോൾ കാൽനട യാത്രക്കാരെ ഉറക്കെ വിളിച്ച് പറഞ്ഞാണ് അവിടെ നിന്ന് മാറ്റുന്നത്. നടപ്പാത ഇല്ലാത്തതിനാൽ വാഹനങ്ങളോട് ചേർന്ന് വേണം ഈ ഭാഗത്ത് നടന്നു പോകുവാൻ
സജ്ജാദ്, ഓട്ടോറിക്ഷാ ഡ്രൈവർ