nelvith-mannaril
കൃഷിക്കാവശ്യമായ നെൽവിത്തുകൾ ഇന്നലെ മാന്നാറിലെത്തിച്ചപ്പോൾ

മാന്നാർ: മാന്നാർ കൃഷിഭവന് കീഴിൽ കുടവെള്ളാരി എ.ബി, കണ്ടങ്കേരി, വേഴത്താർ, നാലുതോട്, മാറകം അരിയോടിച്ചാൽ, ആഞ്ഞിലിക്കുഴി, കുട്ടംപേരൂർ, കോയിക്കൽ പള്ളം തുടങ്ങിയ ആയിരത്തി മുന്നൂറോളം ഏക്കർ വരുന്ന പാടശേഖരങ്ങളിൽ പ്രതി​കൂല സാഹചര്യങ്ങൾ അവഗണി​ച്ച് പഞ്ചായത്തി​ന്റെ നേതൃത്വത്തി​ൽ കൃഷി​യൊരുക്കങ്ങൾ തുടങ്ങി​.

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, കഴിഞ്ഞ വേനൽമഴയിൽ കൃഷി നാശം സംഭവിച്ചവർക്ക് അനുവദിച്ച 80 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ലഭ്യമാക്കുക, നെല്ല് സംഭരിക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൃഷിയിറക്കാൻ മടിച്ച കർഷകരെ പഞ്ചായത്തും കൃഷി​ഭവനും പി​ന്തുണ നൽകി​യാണ് പാടത്തി​റക്കുന്നത്. കൃഷിക്കാവശ്യമായ നെൽവിത്തുകൾ ഇന്നലെ മാന്നാറിലെത്തിച്ചു. കെ.എസ്.ഡി.എ വഴി 17 ലക്ഷത്തോളം രൂപയുടെ 50 ടൺ ഉമ നെൽവിത്താണ് നൽകുന്നത്.

ഇടപുഞ്ച കിഴക്ക്, പടിഞ്ഞാറ്‌, അരിയോടിച്ചാൽ, ആഞ്ഞിലിക്കുഴി, കുട്ടമ്പേരൂർ, കോയിക്കൽ പള്ളം തുടങ്ങിയ പാടശേഖരങ്ങളിലേക്ക് അവരുടെ ആവശ്യപ്രകാരം ഒക്ടോബർ അവസാനം നെൽവിത്ത് ലഭ്യമാക്കണമെന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പാടശേഖര സമിതിക്ക് വി​ത്ത് കൈമാറി. അസി.കൃഷി ഓഫീസർമാരായ അമൃത ലിപി, ശ്രീരഞ്ജിനി എന്നിവരുടെ നേതൃത്വത്തിലാണ് വിത്ത് കൈമാറിയത്. ബാക്കിയുള്ള പാടശേഖരങ്ങളിൽ നവംബർ ആദ്യ ആഴ്ച നൽകിയാൽ മതിയെന്നും മാന്നാർ കൃഷി ഓഫീസർ പി.സി. ഹരികുമാർ പറഞ്ഞു.