kalunk-nirmmanam
ബുധനൂർ തയ്യൂർ കുലായിക്കൽ കലുങ്കിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ

മാന്നാർ: അരനുറ്റാണ്ടിലധികം കാലപ്പഴക്കത്താൽ തകർന്നുകിടക്കുന്ന കലുങ്കിന്റെ പുനർനിർമ്മാണം തുടങ്ങി. ബുധനൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാംവാർഡ് തയ്യൂർ കുലായിക്കൽ കലുങ്കിന്റെ നിർമ്മാണമാണ് ആരംഭിച്ചത്. എണ്ണയ്ക്കാടിനെയും ബുധനൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡിലാണ് കലുങ്ക് സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കമേറിയ കലുങ്കിന്റെ അപകടാവസ്ഥ ഗ്രാമപഞ്ചായത്തംഗം അഡ്വ.ജി.ഉണ്ണികൃഷ്ണൻ സജി ചെറിയാൻ എം.എൽ.എ യുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് കലുങ്കിന്റെ പുനർ നിർമ്മാണത്തിന് വഴിതെളിഞ്ഞത്. സ്ഥലം സന്ദർശനത്തിന് ശേഷം എം.എൽ.എയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കലുങ്ക് പൊളിച്ച് പുതിയത് നിർമ്മിക്കുന്നതിലേക്ക് 35 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. എട്ട് മീറ്റർ വീതിയിലും 12 മീറ്റർ നീളത്തിലും നിർമ്മിക്കുന്ന കലുങ്കിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മാന്നാർ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പുഷ്പലത മധു, ഭരണസമിതി അംഗങ്ങളായ അഡ്വ.ജി.ഉണ്ണികൃഷ്ണൻ, അഡ്വ.കെ.കെ രാജേഷ് കുമാർ എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും.