a
എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ ക്ഷേത്രക്കുളത്തില്‍ ചത്തുപൊങ്ങിയ മീനുകളില്‍ ഒന്നിനെ പരിശോധിക്കുന്നു. ഉപദേശക സമിതി പ്രസിഡന്റ് ബാലചന്ദ്രന്‍, വിനോദ് കുമാര്‍ എന്നിവര്‍ സമീപം

മാവേലിക്കര: കണ്ടിയൂർ മഹാദേവർ ക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ഇന്ന് രാവിലെയാണ് സംഭവം ക്ഷേത്ര ചുമതലക്കാരുടെയും അയൽവാസികളുടെയും ശ്രദ്ധയിൽപ്പെട്ടത്. കട്ടള,റോഹു, തിലാപ്പിയ ഇനങ്ങളിൽ പെട്ട മീനുകളാണ് ചത്തുപൊങ്ങിയത്. മീനൂട്ട് ചടങ്ങിനായി വളർത്തിയതാണെന്ന് ക്ഷേത്ര ചുമതലക്കാർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ആരോഗ്യ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 128 കിലോ ചത്ത മീനുകളെ കുഴിച്ചിട്ടു. വെള്ളത്തിന്റെ ഗുണനിലവാരത്തിന് കുഴപ്പമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.വെള്ളത്തിൽ എന്തെങ്കിലും തരത്തിലുള്ള വിഷാംശം കലർന്നിട്ടുണ്ടോ എന്നറിയാൻ കൊച്ചി പനങ്ങാട്ടുള്ള അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബിലേക്ക് മീനും വെള്ളവും ഇന്ന് രാവിലെ അയക്കുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 4 ദിവസത്തിനുള്ളിൽ ഫലം അറിയാം. വിവരമറിഞ്ഞെത്തിയ എം.എസ് അരുൺകുമാർ എം.എൽ.എ ക്ഷേത്രക്കുളം സന്ദർശിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ബാലചന്ദ്രൻ, ഒറ്റപ്പുരയ്ക്കൽ വിനോദ് കുമാർ എന്നിവർ എം.എൽ.എയോട് കാര്യങ്ങൾ വിശദീകരിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിൽ ഇടപെടുമെന്ന് എം.എൽ.എ അറിയിച്ചു.