അരൂർ: കായലിൽ പോളപ്പായൽ നിറഞ്ഞ് തിങ്ങിയതിനാൽ എഴുപുന്ന പഞ്ചായത്തിലെ കാക്കതുരുത്ത് ദ്വീപ് നിവാസികളുടെ വഞ്ചി യാത്ര ദുരിതത്തിലായി. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ചെങ്കിലും പ്രകൃതിസുന്ദരമായ ഈ ദ്വീപിലേക്ക് പാലമില്ലാത്തതിനാൽ വള്ളമാത്രമാണ് ആശ്രയം. തിങ്ങി നിറഞ്ഞു കിടക്കുന്ന പായലിനിടയിലൂടെ വള്ളത്തിൽ തുഴഞ്ഞ് അക്കരെയിക്കരെ എത്തുവാൻ വളരെയധികം സമയവും കഠിന പ്രയത്നവും വേണം. 300 ഓളം കുടുംബങ്ങളാണ് ദ്വീപിൽ കഴിയുന്നത്. പ്രശ്നപരിഹാരത്തിന് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.