മാവേലിക്കര: നഗരസഭാ ടൗൺഹാളിൽ നടന്ന കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ 236 പരാതികൾ പരിഗണിച്ചു. മുമ്പ് ലഭിച്ച 79 പരാതികളും അദാലത്തിന്റെ വേദിയിൽ ലഭിച്ച 157 പരാതികളുമാണ് കളക്ടർ പരിഗണിച്ചത്. ഇവയിൽ 185 എണ്ണം തീർപ്പായി. എം.എസ് അരുൺകുമാർ എം.എൽ.എയുടെയും താലൂക്കിലെ വിവിധ സർക്കാർ ഓഫീസുകളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു പരാതികൾ പരിഗണിച്ചത്. ഭൂമി സർവേ, അതിർത്തി തർക്കം, വീട് നിർമാണം, പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകൾ, ബാങ്കിംഗ്, അനധികൃത കയ്യേറ്റം തുടങ്ങിയ പരാതികളാണ് ഏറെയും അദാലത്തിൽ എത്തിയത്. രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ നീണ്ട അദാലത്തിൽ മുഴുവൻ സമയവും എം.എൽ.എ കളക്ടർക്കൊപ്പം പൊതുജനത്തിന്റെ പരാതികൾ കേട്ടു. എൽ.ആർ ഡെപ്യൂട്ടി കളക്ടർ മോബി, എ.ഡി.എം സന്തോഷ്‌കുമാർ, എൽ.എ ഡെപ്യൂട്ടി കളക്ടർ സുധീഷ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ ആശ.സി. എബ്രഹാം, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കവിത, ആർ.ഡി.ഒ സുമ, സീനിയർ സൂപ്രണ്ട് പ്രീത, തഹസീൽദാർ ഡി.സി ദിലീപ് എന്നിവരും പരാതികൾ സ്വീകരിച്ചു. എം.എസ് അരുൺകുമാർ എം.എൽ.എ അദാലത്ത് ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി തഹസീൽദാർമാർ, വില്ലേജ് ഓഫീസർമാർ, മറ്റു റവന്യു ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി, പൊലീസ്, എക്‌സൈസ്, വാട്ടർ അതോറിട്ടി, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.