മാവേലിക്കര : യുവാവിനെ ഷോക്ക് അബ്‌സോർബർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളെ 7വർഷം കഠിനതടവിനും 25000 രൂപ വീതം പിഴ അടക്കുന്നതിനും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി 3 ജഡ്ജി സീന ശിക്ഷിച്ചു. കരിമുളക്കൽ പൊൻപുലരി വീട്ടിൽ സുരേഷിനെ (50) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കരിമുളക്കൽ കാഞ്ഞിരവിളയിൽ സ്വാമിദാസൻ (51), കണ്ണനാകുഴി മംഗലത്ത് പടീറ്റതിൽ പ്രഭാലയത്തിൽ പ്രഭാകരൻപിള്ള (48) എന്നിവരെയാണ് ശിക്ഷിച്ചത്.
വധശ്രമത്തിന് രണ്ടു പ്രതികൾക്കും 5 വർഷം തടവും 20000 രൂപ പിഴയും ദേഹോപദ്രവം ഏൽപ്പിച്ചതിന് 2 വർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. 2016 ഒക്ടോബർ 29 രാവിലെ 8 ന് താമരക്കുളം വി.വി.എച്ച്.എസ്.എസിന് പടിഞ്ഞാറുള്ള വെയിറ്റിംഗ് ഷെഡിന് മുന്നിൽ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മകളെ ട്യൂഷൻ സെന്ററിൽ വിട്ടിട്ട് തിരികെ വരികയായിരുന്ന സുരേഷിനെ പ്രതികൾ തലക്കടിക്കുകയായിരുന്നു പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സന്തോഷ്, അഡ്വ.ഇ.നാസറുദ്ദീൻ എന്നിവർ ഹാജരായി.