t
t

# ദേശീയപാത വികസിക്കുമ്പോൾ യാത്രക്കാർക്ക് അബദ്ധങ്ങളേറുന്നു

ആലപ്പുഴ: കെട്ടിടങ്ങളും മരങ്ങളും നോക്കി ബസ് സ്റ്റോപ്പുകളിൽ ഇറങ്ങിയിരുന്ന പതിവ് യാത്രക്കാർക്കും സ്റ്റോപ്പിലെ ചെറുകൂരയിൽ ബസ് കാത്തുനിന്ന് ശീലിച്ചവർക്കും ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവയൊക്കെ നീക്കം ചെയ്തു തുടങ്ങിയതോടെ ആകെ കൺഫ്യൂഷൻ! ഇറങ്ങേണ്ട സ്റ്റോപ്പ് പലർക്കും പെട്ടെന്ന് തിരിച്ചറിയാനാവുന്നില്ല. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കും സ്ഥിരം സ്റ്റോപ്പുകൾ തെറ്റുന്നു. കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയതോടെ മഴയും വെയിലും സഹിച്ച് സ്റ്റോപ്പുകളിൽ നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

പല ബസ് സ്റ്റോപ്പുകളും തണൽ മരങ്ങളോട് ചേർന്നുള്ളവയാണ്. ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രത്യേക കെട്ടിങ്ങൾ പണിയുകയോ ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. കാലാകാലങ്ങളായി സഞ്ചരിക്കുന്ന യാത്രക്കാർ ഇതേ മരങ്ങളെയും കെട്ടിടങ്ങളെയും അടയാളമാക്കിയാണ് സ്റ്റോപ്പുകൾ മനസിലാക്കിയിരുന്നത്. എന്നാൽ ഒന്നും ശേഷിക്കാത്ത വിധം എല്ലാം നീക്കം ചെയ്യപ്പെട്ടതോടെ യാത്രക്കാർക്ക് അബദ്ധങ്ങളും പതിവായി. സ്ഥലം അറിയാവുന്ന കണ്ടക്ടർമാർ വിളിച്ചു പറയുമ്പോഴാണ് പലരും ധൃതിപ്പെട്ട് ഇറങ്ങുന്നത്. ഡ്രൈവർമാർക്ക് തെറ്റിയാൽ പലപ്പോഴും സ്റ്റോപ്പിൽ നിന്ന് മാറിയാവും വണ്ടി നിൽക്കുന്നത്.

# നിറയെ 'പുതുമുഖ'ങ്ങൾ

മരങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും നീക്കിയതോടെ, ഇത്രകാലം ഇവയുടെ പിന്നിൽ കഴിയേണ്ടിവന്ന വീടുകൾ മുൻ നിരയിലെത്തി. സ്ഥിരം യാത്രക്കാർപോലും ഈ വീടുകൾ പലതും ആദ്യമായി കാണുകയാണ്. വീട്ടുകാർക്കാവട്ടെ, തങ്ങൾ റോഡരികിൽ എത്തിയതിന്റെ സന്തോഷവും. മുൻഭാഗം മാത്രം പൊളിക്കേണ്ടിവന്ന കെട്ടിടങ്ങൾക്ക് വളരെ പെട്ടന്ന് രൂപമാറ്റം വരുത്തിയതോടെ ഇവയ്ക്കും പുതുമുഖമായി.

# കരുതണം കുട

മഴ കനക്കുമ്പോൾ കെട്ടിടങ്ങളുടെ തിണ്ണയിൽ കയറി രക്ഷപ്പെടാനുള്ള സാഹചര്യങ്ങളും ഇല്ലാതായി. സ്റ്റോപ്പുകളിൽ നിന്ന് ഏറെ അകലെയാണ് നിലവിലെ കെട്ടിടങ്ങൾ. റോഡ് നിർമ്മാണം ആരംഭിക്കുന്നത് വരെ ബസ് സ്റ്റോപ്പുകളുടെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ല. അതിനാൽ പെരുമഴയിലും കൊടും വെയിലിലും കുടയെ ആശ്രയിക്കേണ്ടിവരും.

# നിർമ്മാണം തുടങ്ങി

കായംകുളം കൊറ്റുകുളങ്ങര ഭാഗത്ത് ദേശീയപാത വീതികൂട്ടലിന് തുടക്കമായി. സർവീസ് റോഡുകളടക്കം ആറുവരി പാതയാണ് നിർമ്മിക്കുന്നത്. കെട്ടിടങ്ങൾ പൂർണമായി പൊളിച്ചുമാറ്റിയ സ്ഥലത്താണ് നിർമ്മാണം ആരംഭിച്ചത്. ഉയരക്കുറവുള്ള ഭാഗങ്ങളിൽ നിലവിലെ പാതയുടെ ഉയരത്തിൽ മണ്ണിട്ട് പൊക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. അഞ്ച് കിലോമീറ്റർ വീതം റോഡ് നിർമ്മിച്ച ശേഷം വാഹനങ്ങൾ ഈ റോഡുകളിലൂടെ കടത്തിവിടും. മതിയായ രേഖകൾ ഹാജരാക്കാത്തതും തർക്കമുള്ളതുമായ ഏതാനും കെട്ടിടങ്ങൾ പൊളിക്കാനായിട്ടില്ല. അദാലത്ത് സംഘടിപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം. അടുത്ത മാസം പകുതിയോടെ തീരുമാനമാകും. കാന, പാലം നിർമ്മാണങ്ങളും സമാന്തരമായി നടക്കും.

മരങ്ങളും കെട്ടിടങ്ങളും ഇല്ലാതായതോടെ ബസ് സ്റ്റോപ്പ് ഉൾപ്പെടെ സ്ഥലങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ട്. കനത്ത മഴയിലും വെയിലിലും തുറസായ സ്ഥലത്ത് നിൽക്കേണ്ടി വരുന്നു. റോഡ് നിർമ്മാണം പൂർത്തിയാകുന്നത് വരെ ഒരു പരിഹാരം പ്രതീക്ഷിക്കുന്നില്ല

കെ.എസ്.ആർ.ടി.സി യാത്രക്കാർ