ആലപ്പുഴ : അമൃത് പദ്ധതിക്കായി പൊളിച്ചിട്ട റോഡുകൾ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാത്തതിനാൽ നാട്ടുകാർ ദുരിതത്തിൽ. ടാറിംഗിന് മുന്നോടിയായി മെറ്റൽ വിരിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും തുടർനടപടികൾ മുന്നോട്ടു നീങ്ങിയില്ല. മെറ്റൽ ഇളകിക്കിടക്കുന്ന റോഡിലൂടെ ഇരുചക്ര വാഹനയാത്ര വളരെ ക്ളേശകരമാണ്.
ആലപ്പുഴ നഗരസഭയിലെ സനാതനപുരം വാർഡിൽ മാത്രം അഞ്ച് റോഡുകളാണ് ഇത്തരത്തിൽ പൊളിഞ്ഞു കിടക്കുന്നത്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് ഉൾപ്പടെയുള്ള പ്രധാന ഓഫീസുകളിലേക്ക് എത്താനുള്ള വഴികളും ഇതിൽ ഉൾപ്പെടും. നിർമ്മാണം നീണ്ടു പോകുന്നതിന് പിന്നിൽ കരാറുകാരുടെ അനാസ്ഥയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. തകർന്നു കിടക്കുന്ന റോഡുകൾ അപകടം വിളിച്ചുവരുത്തിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ആദ്യ ലെവൽ മെറ്റലിട്ട പാതകളിൽ ഇനി രണ്ടാം ഘട്ട മെറ്റൽ വിരിച്ച ശേഷം ലെവലെടുത്ത് റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും ടാറിംഗ് നടപടികൾ ആരംഭിക്കുക. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കരാറുകാരുടെ അനാസ്ഥമൂലമാണ് നിർമ്മാണം വൈകുന്നത്. വിഷയം നഗരസഭാ ചെയർപേഴ്സന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച നിർമ്മാണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- മനീഷ്, കൗൺസിലർ, സനാതനപുരം വാർഡ്