കായംകുളം: വീട്ടമ്മയെ തലയ്ക്ക് പരിക്കേറ്റ് രാത്രിയിൽ വിജനമായ റോഡിൽ കണ്ടെത്തിയ സംഭവത്തിൽ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൃഷ്ണപുരം തോപ്പിൽ തെക്കതിൽ പരേതനായ സതീശ് കുമാറിന്റെ ഭാര്യ ശോഭനകുമാരിയെ (52) യാണ് കൃഷ്ണപുരം സി.പി.സി.ആർ.ഐക്ക് സമീപത്തെ റോഡിൽ രാത്രി 8 മണിയോടെ ദുരൂഹമായ സാഹചര്യത്തിൽ ബോധമറ്റ നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതുവഴി വന്ന ബൈക്ക് യാത്രികരാണ് ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റിയത്. തുടർന്ന് ഒാച്ചിറയിലെയും കരുനാഗപ്പള്ളിയിലേയും സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ ഓപ്പറേഷന് വിധേയയാക്കി.
തലയ്ക്ക് മാത്രമാണ് പരിക്ക്.ധരിച്ചിരുന്ന സ്വർണ മാലയും പേഴ്സും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. ഡോക്ടറെ കണ്ട് വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.വിജനമായ റോഡ് ലഹരി മാഫിയയുടെ സങ്കേതമാണെന്ന് പ്രദേശവാസികൾ പറയുന്നു. പൊലീസ് സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ച് വരുകയാണ്.