ആലപ്പുഴ: ഗുരുവായൂർ ഏകാദശി ഡിസംബർ നാലിനാണെന്നും മൂന്നിന് തീരുമാനിച്ച ദേവസ്വം നടപടി അംഗീകരിക്കാനാവില്ലെന്നും ജ്യോതിശാസ്ത്ര മണ്ഡലം ഭാരവാഹികളായ ഡോ. കെ. ബാലകൃഷ്ണ വാര്യർ, പയ്യന്നൂർ സദനം നാരായണ പൊതുവാൾ, ചെത്തല്ലൂർ വിജയകുമാർ, ശ്രേയസ് നമ്പൂതിരി എന്നിവർ പത്രക്കുറിപ്പിൽ പറഞ്ഞു.

ഡിസംബർ 3 ന് ഉദയത്തിന് മുമ്പ് 2 നാഴിക 11 വിനാഴിക ദശമിയുള്ളതിനാൽ 3ന് വരുന്ന ഏകാദശിക്ക് അരുണോദയ സ്പർശം സംഭവിക്കുന്നു. ഇതിനെ ഭൂരിപക്ഷ ഏകാദശി എന്നാണ് പറയുന്നത്. ദേവപക്ഷ ഏകാദശിയാണ് കേരളത്തിൽ കാലങ്ങളായി ആചരിക്കുന്നത്. ഗുരുവായൂർ കലണ്ടർ ഒഴികെ മറ്റു കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഡിസംബർ 4നാണ് ഗുരുവായൂർ ഏകാദശി രേഖപ്പെടുത്തിയിട്ടുള്ളത് . അതിനാൽ അന്നുതന്നെ ഏകാദശി ആചരിക്കണമെന്നും ജ്യോതിശാസ്ത്ര മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.