അമ്പലപ്പുഴ: 76-ാ മത് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പറവൂരിൽ നാളെ വൈകിട്ട് ചേരുന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയും. നാളെ രാവിലെ 11 ന് സമരഭൂമിയിൽ പുഷ്പാർച്ചന നടക്കും. ഇതിൽ പങ്കെടുക്കാനായി പ്രവർത്തകർ പ്രകടനമായി പനച്ചുവട് സമരഭൂമിയിൽ എത്തിച്ചേരും. വൈകിട്ട് മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖാ റാലി ആരംഭിക്കും. സമര സേനാനി പി.കെ.വിജയന്റെ ഭാര്യ എൽ .സുലോചനയിൽ നിന്ന് കായിക താരം ദീപു ആനന്ദ് ദീപശിഖ ഏറ്റുവാങ്ങും. വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ ശേഷം ദീപശിഖാ റാലി വൈകിട്ട് ആറിന് പറവൂർ ജംഗ്ഷനിൽ എത്തിചേരുന്നതോടെ പൊതുസമ്മേളനം ആരംഭിക്കും. സമ്മേളനത്തിനു ശേഷം രാത്രി എട്ടിന് തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം' നാടകവുമുണ്ടാകും.