മാന്നാർ: വൈദ്യുത തൂണുകളിൽ കൂടി കടന്നു പോകുന്ന ഒപ്ടിക്കൽ ഫൈബർ കേബിളുകളിൽ തീ പടർന്നപ്പോൾ യുവാവ് നടത്തിയ സമയോചിത ഇടപെടൽ അപകടമൊഴിവാക്കി. ചെങ്ങന്നൂർ ഫയർഫോഴ്സിലെ കേരള സിവിൽ ഡിഫൻസ് അംഗമായ മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ അൻഷാദ് മാന്നാർ ആണ് രക്ഷകനായത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിലെ സ്റ്റോർ ജംഗ്ഷനിലുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് തീപ്പൊരി വീണ് റോഡിനു കുറുകെയുള്ള ഏഷ്യാനെറ്റ്, ബി.എസ്.എൻ.എൽ കമ്പനികളുടെ ഒപ്ടിക്കൽ ഫൈബർ കേബിളുകളിൽ തീ പടർന്നത്. തൊട്ടടുത്ത ബേക്കറിയിലെ ജീവനക്കാരൻ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അൻഷാദ്
മാന്നാർ വൈദ്യുതി ഓഫീസിൽ വിളിച്ച് വൈദ്യുതിബന്ധം വിച്ഛേദിപ്പിച്ചു. തുടർന്ന് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചു. വാഹനങ്ങൾ നിയന്ത്രിച്ച് വിടുകയും ചെയ്തു. ഈ സമയം അതുവഴിയെത്തിയ മാന്നാർ എസ്ഐ അഭിരാം, സിവിൽ പൊലീസ് ഓഫീസർ സിദ്ദിക്ക് ഉൽ അക്ബർ എന്നിവരും സിവിൽ ഡിഫൻസ് ഗ്രൂപ്പിൽ കൂടി വിവരം അറിഞ്ഞ അംഗങ്ങളായ സ്റ്റീഫൻ, ജോമോൻ എന്നിവരും സഹായത്തിനായി കൂടെ ചേർന്നു. കേബിൾ അറുത്ത് താഴെയിട്ടതോടെയാണ് ഭീതി ഒഴിഞ്ഞത്. മാന്നാർ എമർജൻസി റെസ്ക്യുടീം സെക്രട്ടറി, മാന്നാർ ടൗൺക്ലബ്ബ് ട്രഷറർ, കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, മാന്നാർ മീഡിയ സെന്റർ എക്സിക്യുട്ടീവ് അംഗം, മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് അൻഷാദ്.