nairsamajam-school-ground
ചെങ്ങന്നൂർ പെരുമ സർഗ്ഗോത്സവത്തിനായി മാന്നാർ നായർ സമാജം സ്‌കൂൾ മൈതാനി ഒരുങ്ങിയപ്പോൾ

മാന്നാർ: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ അഞ്ചിന് പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ ചെങ്ങന്നൂർ പെരുമ സർഗോത്സവത്തിന് അരങ്ങൊരുങ്ങി. ചെങ്ങന്നൂർ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും നഗരസഭകളിലുമായി 14 ദിവസം 38 വേദികളിൽ 108 കലാരൂപങ്ങളും 15 സെമിനാറുകളും മൂന്ന് വിളംബര ഘോഷയാത്രകളും ഇതോടൊപ്പം അരങ്ങേറും.

നായർ സമാജം സ്കൂളിൽ 35,000 ചതുരശ്ര അടിയുള്ള പന്തലാണ് സ്ഥാപിച്ചിരിക്കുന്നത്. കരകൗശല ഉത്പന്നങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശന - വിപണന മേളയ്ക്കായി നൂറോളം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്‍.

നാളെ രാവിലെ 9 മുതൽ കേരളത്തിലെ 100 ചിത്രകലാകാരന്മാർ ബൃഹത്തായ കാൻവാസിൽ ചിത്രങ്ങൾ വരയ്ക്കും. വൈകിട്ട് മൂന്നിന് പരുമല ദേവസ്വം ബോർഡ് പമ്പ കോളജിൽ നിന്നാരംഭിച്ച് പ്രധാന വേദിയായ നായർ സമാജം സ്കൂൾ ഗ്രൗണ്ടിൽ എത്തുന്ന വിളംബര ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. മണ്ഡലംതല ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. സജി ചെറിയാൻ എം.എൽ.എ (ചെയർമാൻ), വി.ആർ കൃഷ്ണതേജ (ജനറൽ കൺവീനർ), ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, ജി.വിവേക്, ജി. കൃഷ്ണകുമാർ, അഡ്വ.സുരേഷ് മത്തായി എന്നിവരുൾപ്പെട്ട അഞ്ഞൂറ്റൊന്ന് പേരടങ്ങിയ വിവിധ കമ്മിറ്റികളുടെ മേൽനോട്ടത്തിലാണ് പരിപാടികൾ നടക്കുന്നത്.