ഹരിപ്പാട് : കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് കെ.കെ.എൻ.ടി.സി ജില്ലാ ജനറൽ കൗൺസിൽ സമ്മേളനവും തിരഞ്ഞെടുപ്പും നാളെ ഹരിപ്പാട് എസ്.എൻ.ഡി.പി യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2 ന് നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. പ്രതിനിധി സമ്മേളനം കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് കെ.പി.തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്യും. കെ. വിജയൻ അദ്ധ്യക്ഷത വഹിക്കും. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വി.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കെ.കെ.എൻ.ടി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൽ.മൈക്കിൾ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.വിജയൻ, സംസ്ഥാന സമിതി അംഗം കെ.ബി.രഘു, ആർ.ഷണ്മുഖൻ ആചാരി, എം.എസ്.രാജൻ,​എം.അനിൽ കുമാർ ,​എൻ.വിജയൻ എന്നിവർ പങ്കെടുത്തു.