അമ്പലപ്പുഴ: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കളർകോട് ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിന്റെ നാലാം ദിവസം നടത്തിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊവിഡിന് ശേഷമുള്ള ഉത്സവങ്ങൾക്ക് സ്ത്രീ പങ്കാളിത്തമുൾപ്പടെ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. തൃശൂർ പൂരത്തിന് രണ്ടിരട്ടി ആൾക്കാരുടെ വർദ്ധനവുണ്ടായി. ശബരിമല മണ്ഡല കാലത്തും ഭക്തരുടെ വൻ തോതിലുളള വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെയൊക്കെ മികച്ച തീർത്ഥാടന അന്തരീക്ഷമൊരുക്കാൻ നടപടികൾ ആരംഭിച്ചു . 468 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്ന് 5 വർഷക്കാലം കൊണ്ട് 5 ദേവസ്വം ബോർഡുകൾക്കായി സഹായം നൽകിയതെന്നും മന്ത്രി പറഞ്ഞു. ഉപദേശക സമിതി പ്രസിഡന്റ് രേണുനാഥ് അദ്ധ്യക്ഷനായി. എച്ച്.സലാം എം.എൽ.എ, ഉപദേശക സമിതി വൈസ് പ്രസിഡന്റ് പി .വിഷ്ണു, അനിൽ കുമാർ, സലിം കുമാർ, ആർ. ഹരികുമാർ എന്നിവർ സംസാരിച്ചു. ഉപദേശക സമിതി സെക്രട്ടറി സാംകുമാർ സ്വാഗതം പറഞ്ഞു.