 
# നിർദ്ദിഷ്ട സസ്യമാർക്കറ്റ് - മുക്കവല പാലം യാഥാർത്ഥ്യമാകാൻ കടമ്പകൾ
കായംകുളം: കായംകുളത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സസ്യമാർക്കറ്റ് - മുക്കവല പാലം പൊളിച്ച് പണിയാനായി സംസ്ഥാന ബഡ്ജറ്റിൽ 5.68 കോടി അനുവദിച്ച് വർഷം മൂന്നു കഴിഞ്ഞിട്ടും രൂപരേഖ പോലും തയ്യാറായില്ല. പദ്ധതിക്ക് പിന്നിൽ നിന്ന് കാര്യങ്ങൾ നേടിയെടുക്കുവാൻ ആരുമില്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം.
ഗതാഗതക്കുരുക്ക് താങ്ങാനാവാതെ വലയുകയാണ് നഗരം. ഇടുങ്ങിയ പാലത്തിൽക്കൂടി രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. ഇത് കാരണം സസ്യമാർക്കറ്റിലും മുക്കവലയിലുമെല്ലാം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പാലം അപകടാവസ്ഥയിലായതിനാൽ ഭാരം കൂടിയ വാഹനങ്ങൾ പാടുപെട്ടാണ് കടന്ന് പോകുന്നത്. മാർക്കറ്റ് ദിവസങ്ങളിൽ ഇതു വഴി മറ്റ് വാഹനങ്ങൾക്ക് പോകാനാവില്ല.
പാലം പൊളിച്ച് പുനർ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 12 സെന്റ് ഏറ്റെടുക്കണം. രണ്ട് വട്ടം ഇതിനായി രൂപരേഖ തയ്യാറാക്കിയെങ്കിലും അന്തിമ രൂപരേഖ ഇനിയുമായില്ല. നിർദ്ദിഷ്ട പാലത്തിന് 22 മീറ്റർ നീളവും 8 മീറ്റർ വീതിയുമുണ്ടാവും. പാലം വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെയെങ്കിലും പരിഹാരമുണ്ടാവും. ഇതോടെ നഗരത്തിലും മുനിസിപ്പൽ ജംഗ്ഷനിലും പാർക്ക് ജംഗ്ഷനിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാവും.
# കോയിക്കൽ പടി പാലവും തഥൈവ
നഗരത്തിന് തൊട്ടടുത്ത് എരുവ കോയിക്കൽ പടിയിലെ അപകടാവസ്ഥയിലായ പാലം പുനർ നർമ്മിക്കാൻ 6 കോടി അനുവദിച്ചിട്ടും അവിടെയും ഇതൊക്കെത്തന്നെയാണ് അവസ്ഥ. 23 മീറ്റർ നീളവും 9.5 മീറ്റർ വീതിയുമുള്ള പാലത്തിനാണ് പദ്ധതി. അന്തിമ രൂപ രേഖ തയ്യാറാക്കി സ്ഥലമെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല.
പാലം പുതുക്കിപണിഞ്ഞാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും. എന്നാൽ പാലം പണി എന്നു തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
അൻസാരി കോയിക്കലേത്ത്, കൗൺസിലർ, കായംകുളം നഗരസഭ