അമ്പലപ്പുഴ: സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വിവാഹത്തിന് പോകവേ, വാഹന പരിശോധനയ്ക്കിടെ തടഞ്ഞു നിറുത്തി കസ്റ്റഡിയിലെടുത്ത പൊലീസുകാർ ക്രൂരമായി മർദ്ദിച്ചെന്ന് വിദ്യാർത്ഥിയുടെ പരാതി. പുന്നപ്ര വൈഷ്ണവത്തിൽ ശബരീനാഥ് (18) ആണ് പുന്നപ്ര എസ്.ഐ സിസിൽ ക്രിസ്റ്റിരാജ്, സിവിൽ പൊലീസ് ഓഫീസർ അജീഷ് കുമാർ എന്നിവർക്കെതിരെ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ബാലവകാശ കമ്മിഷൻ, പൊലീസ് കംപ്ലയിന്റ് അതോറിട്ടി, ജില്ല പൊലീസ് ചീഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്.
കഴിഞ്ഞ 15ന് കുറവൻതോട് ജംഗ്ഷനു സമീപമായിരുന്നു സംഭവം. പൊലീസ് കൈകാട്ടിയപ്പോൾ സ്കൂട്ടർ മുന്നിലേക്ക് മാറ്റിനിറുത്തിയതാണ് പ്രകോപനത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്ന വഴി പൊലീസ് വാഹനത്തിലും പിന്നീട് സ്റ്റേഷനിൽ വച്ചും മർദ്ദിച്ചു. മൂത്രതടസം ഉണ്ടായതിനെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതായും പരാതിയിലുണ്ട്.