 
ചെങ്ങന്നൂർ: ലോകം ഇതുവരെ കണ്ട പൂർണനായ തത്വദർശിയാണ് ശ്രീ നാരായണ ഗുരുദേവനെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ പറഞ്ഞു. ചെങ്ങന്നൂർ യൂണിയനിലെ 2863-ാം നമ്പർ പാറപ്പാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാറപ്പാട് ശ്രീനാരായണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുകൃതികളിലാണ് ഗുരുവിന്റെ ദാർശനിക ദർശനം ഉൾക്കൊള്ളുന്നത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കി സംശുദ്ധമായ ആത്മീയത പകർന്നു നൽകിയ കർമ്മനിരതനായ ജ്ഞാനിയാണ് ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. കൺവൻഷൻ ഗ്രാന്റ് വിതരണം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, ചെങ്ങന്നൂർ യൂണിയൻ മുൻ വൈസ് പ്രസിഡന്റ് അഡ്വ.പി.എൻ. വേണുഗോപാൽ, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ആർച്ച ലാൽ എന്നിവർ സംസാരിച്ചു. ശാഖായോഗം പ്രസിഡന്റ് അഡ്വ.കെ.വി.ജയപ്രകാശ് സ്വാഗതവും സെക്രട്ടറി പി.ആർ.ഉത്തമൻ നന്ദിയും പറഞ്ഞു. കുടുംബജീവിതം ഗുരുദേവദർശനത്തിൽ എന്ന വിഷയത്തിൽ പ്രായിപ്ര ദമനൻ പ്രഭാഷണം നടത്തി.
ഇന്ന് വൈകിട്ട് 4ന് ഗുരുദേവനും ചിന്നസ്വാമിയും എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീറും സമാപന ദിവസമായ നാളെ രാവിലെ 10 ന് ഗുരുദേവന്റെ ഈശ്വരീയത എന്ന വിഷയത്തിൽ നിർമ്മല മോഹൻ പാലായും വൈകിട്ട് 4ന് ശ്രീനാരായണ പരമഹംസർ എന്ന വിഷയത്തിൽ ബിപിൻ ഷാനും പ്രഭാഷണം നടത്തും. കൺവൻഷനോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, വിശ്വശാന്തി ഹവനം, ശാരദപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ലക്ഷ്മിപൂജ എന്നിവ വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശാഖാ വക ഗുരുക്ഷേത്രത്തിൽ ആരംഭിച്ചു.