ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവിൽ തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാകുന്നില്ലെന്ന് നാട്ടുകാർ. പ്രഭാത സവാരിക്കിറങ്ങുന്നവരും പത്ര വിതരണക്കാരും വിദ്യാർത്ഥികളുമൊക്കെ നെഞ്ചിടിപ്പോടെയാണ് റോഡിലൂടെ കടന്നുപോകുന്നത്. പ്രദേശത്തെ റോഡുകളിൽ നിരവധി തെരുവു നായ്ക്കളാണ് ഉള്ളത്.
ചത്തിയറ, കടുവിനാൽ,ചാരുംമൂട്, താമരക്കുളം, വള്ളികുന്നം മേഖലയിലേക്കുള്ള എളുപ്പമാർഗ്ഗമാണെന്നതിനാൽ ജോലി ആവശ്യങ്ങൾക്ക് പോകുന്ന നിരവധി പേരാണ് വേടരപ്ളാവിലൂടെ ദിവസവും യാത്ര ചെയ്യുന്നത്. കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ യാത്രക്കാർക്ക് നേർക്ക് ചാടിവീഴാറുണ്ട്. തെരുവു നായ്ക്കൾ കുറുകെ ചാടിയതിനെത്തുടർന്ന് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇങ്ങനെ അപകടത്തിൽപ്പെടുന്നവർക്ക് പരിസരവാസികളാണ് സഹായവുമായെത്തുന്നത്.
മറ്റുപ്രദേശങ്ങളിൽ നിന്നുപോലും നായ്ക്കളെ വാഹനങ്ങളിൽ
ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതാണ് തെരുവ് നായ്ക്കളുടെ എണ്ണം കൂടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരുവർഷം മുമ്പ് വേടരപ്ളാവിൽ ഒരു വൃദ്ധയ്ക്കും സമീപവാസിയ്ക്കും തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
വേടരപ്ലാവ് പ്രദേശത്തെ തെരുവുനായ ശല്യത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. മറ്റു സ്ഥലങ്ങളിൽ നിന്നും നായ്ക്കുട്ടികളെ കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിക്കുന്നവരെ കണ്ടുപിടിച്ച് നിയമ നടപടി സ്വീകരിക്കണം.
-കെ മോഹനൻ,പ്രദേശവാസി