ആലപ്പുഴ: പുന്നപ്ര - വയലാർ സമരവാർഷികാചാരണത്തിന്റെ ഭാഗമായി ഇന്ന് പുന്നപ്രയിൽ ആയിരങ്ങൾ പുഷ്പാർച്ചന നടത്തും. രാവിലെ എട്ടിന് പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലെ വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിലുള്ള ചെറു പ്രകടനങ്ങൾ കളർകോട് ബ്ലോക്ക് ജംഗ്ഷനിൽ കേന്ദ്രീകരിച്ച് ദേശീയപാത വഴി കപ്പക്കടയിലെത്തി 11നും അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിൽ നിന്നുള്ളവർ വണ്ടാനത്ത് കേന്ദ്രീകരിച്ച് വൈകിട്ട് നാലിനും രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന സമരഭൂമിയിൽ പുഷ്പാർച്ചന നടത്തും.
രാവിലെ 11ന് സമരഭൂമി നഗറിൽ ചേരുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളത്തിൽ സി.പി.എം, സി.പി.ഐ ജില്ലാ സെക്രട്ടറിമാരായ ആർ. നാസർ, ടി.ജെ. ആഞ്ചലോസ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. സി.വാമദേവ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് റഷീദും സംഘവും അവതരിപ്പിക്കുന്ന വിപ്ലവ ഗാനാലാപനം. ഉച്ചയ്ക്ക് 2.30 ന് വാരാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ കലാ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് ചെമ്പകശേരി നാടൻ കലാസമിതിയുടെ നാടൻ പാട്ടും ദൃശ്യാവിഷ്‌കാരം. മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖ റാലി ആരംഭിക്കും. വൈകിട്ട് ആറിന് സമരഭൂമിയിൽ എത്തിച്ചേരുന്ന ദീപശിഖ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.ജയൻ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും.
വൈകിട്ട് 5.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജി.സുധാകരൻ, മുല്ലക്കര രത്‌നാകരൻ, സജി ചെറിയാൻ എം.എൽ.എ, വി.പി.ഉണ്ണിക്കൃഷ്ണൻ, ആർ.നാസർ, ടി.ജെ.ആഞ്ചലോസ്, എച്ച്.സലാം എം.എൽ.എ, പി.വി.സത്യനേശൻ, അഡ്വ.വി.മോഹൻദാസ് എന്നിവർ പങ്കെടുക്കും. രാത്രി 8ന് തിരുവനന്തപുരം സൗപർണ്ണികയുടെ നാടകം ഇതിഹാസം.