
കുട്ടനാട്: കൈനകരിയിൽ നടന്ന സി.ബി.എൽ ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ജേതാവായി. എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനം.
ഹീറ്റ്സിൽ രണ്ടാം സ്ഥാനക്കാരായ വള്ളങ്ങളുടെ ഫൈനലിൽ ആതിഥേയരായ യു.ബി.സി കൈനകരിയുടെ ചെറുതന ഒന്നാമതെത്തി. വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് ചുണ്ടനാണ് രണ്ടാം സ്ഥാനം. ഹീറ്റ്സിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ഫിനിഷ് ചെയ്തവരുടെ ഫൈനലിൽ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെൻത് ചുണ്ടനാണ് ഒന്നാം സ്ഥാനം.
വെപ്പ് എ ഗ്രേഡ് വള്ളങ്ങളുടെ ഫൈനലിൽ കാവാലം ബോട്ട് ക്ലബിന്റെ കോട്ടപ്പറമ്പൻ വിജയിച്ചു. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഫൈനലിൽ പായിപ്പാട് ബോട്ട് ക്ലബിന്റെ ജലറാണിയാണ് ജേതാവ്. മങ്കൊമ്പ് ബോട്ട് ക്ലബിന്റെ ഡാനിയേൽ രണ്ടാമതായും ഫിനിഷ് ചെയ്തു. മന്ത്രി കെ.എൻ. ബാലഗോപാൽ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജൻ പതാക ഉയർത്തി. സി.കെ. സദാശിവൻ ഫ്ലാഗ് ഒഫ് ചെയ്തു. മന്ത്രി പി. പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം.പി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, പി.ആർ. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. തോമസ് കെ.തോമസ് എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു.