
മാവേലിക്കര: ചെട്ടികുളങ്ങരയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു, മൂന്നുപേർക്ക് പരിക്കേറ്റു. തെക്കേക്കര വരേണിക്കൽ ശ്രീസദനത്തിൽ ശ്രീകുമാർ (54) ആണ് മരിച്ചത്. ശ്രീകുമാറിന് ഒപ്പം സ്കൂട്ടറിലുണ്ടായിരുന്ന ബന്ധു മേനാമ്പള്ളി ഉഷാസദനത്തിൽ കൃഷ്ണപിള്ള (60), ബൈക്കിൽ സഞ്ചരിച്ചിരുന്ന വെൺമണി സ്വദേശി ആദിത്യൻ,ചെങ്ങന്നൂർ ചെറിയനാട് സ്വദേശി മീനാക്ഷി എന്നിവരെ ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലേയും തിരുവല്ലയിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആദിത്യനും മീനാക്ഷിയും മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജിലെ വിദ്യാർത്ഥികളാണ്. ഇന്നലെ വൈകിട്ട് 3.30ഓടെ ചെട്ടികുളങ്ങര വലിക്കോലിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. ചെട്ടികുളങ്ങര സ്റ്റാർ വർക്ക് ഷോപ്പ് ഉടമയായ കൃഷ്ണപിള്ള ഓടിച്ചിരുന്ന ആക്ടിവാ സ്‌കൂട്ടറും ആദിത്യൻ ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ആക്ടിവയുടെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന ശ്രീകുമാർ റോഡിലേക്ക് തെറിച്ചു വീണാണ് മരിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന മീനാക്ഷിയുടെ നില ഗുരുതരമാണ്. പ്രസന്നകുമാരിയാണ് ശ്രീകുമാറിന്റെ ഭാര്യ. മക്കൾ: ശ്രീലക്ഷ്മി, പാർവതി.മരുമകൻ: ശരത്.