p

മാവേലിക്കര: ചെട്ടികുളങ്ങര കേന്ദ്രീകരിച്ചു നടന്ന കോടികളുടെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌.ഐയെ സസ്‌പെൻഡ് ചെയ്‌തു. മറ്റൊരു എസ്‌.ഐയെയും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റി. ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയാണ് നടപടിയെ‌ടുത്തത്.

എസ്‌.ഐ ആർ.ആനന്ദകുമാറിനാണ് സസ്പെൻഷൻ. മാവേലിക്കര എസ്‌.ഐ ആയിരുന്ന മൊഹ്‌സീൻ മുഹമ്മദിനെ എറണാകുളം റൂറലിലേക്കും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശിവപ്രസാദിനെ എറണാകുളത്തേക്കുമാണ് മാറ്റിയത്. നിയമന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇതോടെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് സസ്‌പെൻഷനിലായത്.
പ്രതികളുമായി അനാവശ്യ ബന്ധം സ്ഥാപിച്ചു, കേസിന്റെ വിവരങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുത്തു, വാദികളുടെ പരാതി പരിഹരിക്കാൻ ഇടനില നിന്നു, വിവരങ്ങൾ മേലധികാരികളെ അറിയിച്ചില്ല, മുഖ്യപ്രതി വിനീഷ് രാജിന്റെ പെറ്റ് ഷോപ്പിൽ നിന്നു പട്ടിക്കുഞ്ഞുങ്ങളെയും പട്ടിക്കുള്ള ഭക്ഷണവും വാങ്ങി, ഇറച്ചിയും മീനും സൗജന്യമായി കൈപ്പറ്റി എന്നീ കുറ്റങ്ങളാണ് പൊലീസുകാർക്കെതിരെ ഉള്ളത്. വകുപ്പുതല അന്വേഷണ ചുമതല അമ്പലപ്പുഴ ഡിവൈ.എസ്.പിക്കാണ്. ആരോപണം ഉയർന്നപ്പോൾ തന്നെ ആനന്ദകുമാറിനെ വള്ളികുന്നത്തേക്കും ശിവപ്രസാദിനെ ഹരിപ്പാട്ടേക്കും സ്ഥലം മാറ്റിയിരുന്നു.

കേസെടുക്കാതെ ഒത്തുതീർപ്പാക്കിയതിനാണ് എസ്‌.ഐ മൊഹ്‌സീൻ മുഹമ്മദിനെ എറണാകുളം റൂറലിലേക്ക് മാറ്റിയത്. പ്രത്യേക സംഘത്തിൽ നിന്നു നേരത്തെ ഇയാളെ ഒഴിവാക്കിയിരുന്നു.