
തുറവൂർ : തുറവൂരിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് എട്ട് പഞ്ചായത്തുകളിൽ മൂന്ന് ദിവസം കുടിവെള്ള വിതരണം മുടങ്ങും . ഇന്നലെ ഉച്ചയോടെ ദേശീയ പാതയിൽ തുറവൂർ ആലയ്ക്കാപറമ്പിന് സമീപത്തെ ജി ആർ.പി. പൈപ്പാണ് റോഡ് പണിക്കിടെ ജെ.സി.ബി ഉപയോഗിച്ച് മാന്തുന്നതിനിടെ തകർന്നത്. പമ്പിംഗ് നടക്കുന്ന സമയമായതിനാൽ പൊട്ടിയ പൈപ്പിലൂടെ വെള്ളം പുറത്തേക്ക് വൻതോതിൽ കുത്തിയൊഴുകി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അധികൃതർ പമ്പിംഗ് നിർത്തി വച്ചു. പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി,അരൂർ,എഴുപുന്ന,തുറവൂർ,കുത്തിയതോട്,കോടംതുരുത്ത് എന്നീ പഞ്ചായത്തുകളിലാണ് കുടിവെള്ളവിതരണം ഇന്ന് മുതൽ ചൊവ്വാഴ്ച വരെ മുടങ്ങുക . അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ചൊവ്വാഴ്ച വൈകിട്ടോടെ ജലവിതരണം പുനരാരംഭിക്കാനാകുമെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു