ആലപ്പുഴ: താറാവ് തീറ്റക്കായി അനധികൃതമായി സൂക്ഷിച്ച 100 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾസിവിൽ സപ്ളൈസ് ആലപ്പുഴ, കൊല്ലം ജില്ലാ ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പി​ടി​കൂടി​.

കരുവാറ്റ കരീത്തറ ഷിബുവിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യമാണ് പിടിച്ചത്. ഗോതമ്പ്,പച്ചരി, പുഴുക്കലരി എന്നിവ കൂട്ടിക്കലർത്തിയാണ് ചാക്കുകളിൽ നിറച്ചിരുന്നത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. കരുവാറ്റ, ചേപ്പാട്, ഹരിപ്പാട്, കരുവാറ്റ മേഖലയിലായി​രുന്നു പരിശോധന. കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ റേഷൻ ധാന്യങ്ങൾ താറാവു തീറ്റയ്ക്കായി കടത്തുന്നുണ്ടെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർക്ക് പരാതി ലഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച പരിശോധന രാത്രി എട്ടര വരെ നീണ്ടു. ഓരോ ചാക്കിലെയും ധാന്യങ്ങൾ തൂക്കി അളവ് രേഖപ്പെടുത്തി രാത്രിയോടെ ഗോഡൗണിലേക്ക് മാറ്റി. ഇതിനു മുൻപും ഈ ഭാഗങ്ങളിൽ റേഷൻ ധാന്യങ്ങൾ പിടികൂടിയിരുന്നു. ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ ടി.ഗാനാ ദേവി, കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻ കുമാർ എന്നിവർക്കൊപ്പം റേഷനിംഗ് ഇൻസ്പെക്ടർമാരായ സിനി, ഉല്ലാസ്, റിൻസു, ആശ, ബൈജു, രാജേഷ്, സിയാദ് എന്നി​വർ പരിശോധനയിൽ പങ്കെടുത്തു.