# ഒരാഴ്ചയ്ക്കിടെ ആയിരത്തോളം താറാവുകൾ ചത്തു
# ഭോപ്പാലിൽ നിന്ന് പരിശോധന ഫലം നാളെ എത്തും
ആലപ്പുഴ: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ആയിരത്തോളം താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയം. അപ്പർ കുട്ടനാട്ടിലെ പള്ളിപ്പാട് വഴുതാനത്ത് 20,000ത്തോളം താറാവുകൾക്ക് രോഗബാധ സംശയിക്കുന്നു. ഇവയെ മറ്റിടങ്ങളിലേക്ക് മാറ്റരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ കർഷകർക്ക് നിർദ്ദേശം നൽകി.
കൂട്ടത്തോടെ ചത്ത താറാവുകളുടെ രക്തസാമ്പിൾ തിരുവല്ല മഞ്ഞാടിയിലെ സർക്കാർ ലാബിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനിയുടെ സൂചന ലഭിച്ചത്. സ്ഥിരീകരണത്തിനായി ഇവ ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഫലം നാളെ ലഭിക്കും. പക്ഷിപ്പനി ഉറപ്പായാൽ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെയും കോഴികളെയും കൊന്നൊടുക്കേണ്ടിവരും.
ജില്ലയിൽ പക്ഷിപ്പനി തടയാൻ സർക്കാർ മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി. 2015ൽ ആണ് പക്ഷിപ്പനി വ്യാപിച്ചത്. ലക്ഷക്കണക്കിന് താറാവുകളെ അന്ന് കൊന്നൊടുക്കേണ്ടി വന്നു. താറാവുകളെ ശാസ്ത്രീയമായി വളർത്താൻ കർഷകർക്ക് പരിശീലനം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ അപ്പർകുട്ടനാട്ടിൽ ഹാച്ചറി തുടങ്ങാനും തീരുമാനിച്ചു. ഇതിനായി പള്ളിപ്പാട്ട് സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഹാച്ചറി യാഥാർത്ഥ്യമായില്ല. താറാവുകൾക്ക് വാക്സിനും മരുന്നു നൽകാൻ കർഷകർ തയ്യാറാവുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
# കൈമാറ്റത്തിന്റെ കണക്കില്ല
രോഗം ബാധിച്ചു ചത്ത താറാവുകളെ ജലാശയങ്ങളിൽ തള്ളുന്നതാണ് രോഗവ്യാപനത്തിന് വഴിയൊരുക്കിയിരുന്നത്. രോഗമുള്ള താറാവുകളെയും കോഴികളെയും സംസ്കരിക്കാൻ കുട്ടനാട്- അപ്പർ കുട്ടനാട് മേഖലകളിൽ ഇൻസിനറേറ്ററുകൾ സ്ഥാപിക്കുമെന്ന പ്രഖാപനവും പാഴ്‌വാക്കായി. മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിയെങ്കിലും പദ്ധതി ജലരേഖയായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് താറാവ് കുഞ്ഞുങ്ങളെ എത്തിക്കുന്നതും ഇവിടെ നിന്ന് താറാവുകളെ പുറത്തു കൊണ്ടുപോകുന്നതും പതിവാണ്. പക്ഷേ, കണക്കൊന്നും മൃഗസംരക്ഷണ വകുപ്പിന്റെ പക്കലില്ല. രോഗവ്യാപനത്തിന് ഈ കൈമാറ്റങ്ങളും വഴിതെളിക്കുന്നു.
# ദേശാടനപ്പക്ഷികളെ നിരീക്ഷിക്കും
ദേശാടനപ്പക്ഷികളിൽ നിന്നാണ് രോഗം പകരുന്നതെന്നും സംശയമുണ്ട്. മുൻ വർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് തൊട്ടു പിന്നാലെയാണ് ജില്ലയിലും രോഗബാധ ഉപ്പണ്ടായത്. ഈ സാഹചര്യത്തിലാണ് ദേശാടനപ്പക്ഷികളെ നിരീക്ഷിക്കാൻ തീരുമാനിച്ചത്. പക്ഷേ, മുമ്പ് ഈ പ്രഖ്യാപനവും ഫലത്തിലെത്തിയില്ല.