ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്കും ദർശനങ്ങൾക്കും ഗുരുവിനെപ്പോലും അത്ഭുതപ്പെടുത്തിയ വിപ്ലവാത്മക ഭാഷ്യങ്ങൾ ചമച്ചത് മഹാകവി കുമാരനാശാനാണെന്ന് ആത്മീയ പ്രഭാഷകൻ ഡോ.എം.എം.ബഷീർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 2863ാം നമ്പർ പാറപ്പാട് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാറപ്പാട് ശ്രീനാരായണ കൺവൻഷനിൽ ഗുരുദേവനും ചിന്നസ്വാമിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൺവൻഷനോടനുബന്ധിച്ച് ഗുരുക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം, ശാരദപൂജ, ലക്ഷ്മിപൂജ, ഗുരുപൂജ തുടങ്ങിയവ വൈദികയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. കൺവൻഷന്റെ സമാപനദിവസമായ ഇന്ന് രാവിലെ 10 ന് ഗുരുദേവന്റെ ഈശ്വരീയത എന്ന വിഷയത്തിൽ നിർമ്മലാ മോഹൻ പാലായും വൈകിട്ട് 4ന് ശ്രീനാരായണ പരമഹംസർ എന്ന വിഷയത്തിൽ ബിപിൻ ഷാനും പ്രഭാഷണം നടത്തും. ഗുരുക്ഷേത്രത്തിൽ വിശ്വശാന്തി ഹവനം, ഗുരുപുഷ്പാഞ്ജലി എന്നീ ചടങ്ങുകൾ നടക്കും.