 
ആലപ്പുഴ: ചെത്തി ഹാർബർ നിർമ്മാണം നിശ്ചയിച്ചിരിക്കുന്ന കാലാവധിയായ മൂന്നുവർഷത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി കെ.എൻ .ബാലഗോപാൽ പറഞ്ഞു. പി.പി.ചിത്തരഞ്ജൻ എം എൽ.എ യുടെ അഭ്യർത്ഥന പ്രകാരമാണ് മന്ത്രി ഹാർബർ സന്ദർശിച്ചത്.111 കോടി രൂപ ചെലവഴിച്ചാണ് ഹാർബർ നിർമ്മിക്കുന്നത്. ചെത്തി ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപം 970 മീറ്റർ നീളമുള്ള പുലിമുട്ട്, 650 മീറ്റർ നീളമുള്ള വടക്കേ പുലിമുട്ട് ,104 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള വാർഫ് , ഒരു ലേല ഹാൾ എന്നിവയാണ് നിർമ്മിക്കുന്നത്. അപ്രോച്ച് ചാനൽ , ചെത്തിപ്പുഴ ചാനൽ എന്നിവിടങ്ങളിൽ ഡ്രഡ്ജിംഗ് 115 മീറ്റർ നീളവും 13 മീറ്റർ വീതിയും ഉള്ള ഇന്റേണൽ റോഡ് 560 മീറ്റർ സ്‌ക്വയർ വിസ്തൃതിയുള്ള പാർക്കിംഗ് ഏരിയ, ഹാർബറിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിക്കുന്നതിനുള്ള മെയിൻ ഗേറ്റും രണ്ട് വിക്കറ്റ് ഗേറ്റുകളോട് കൂടിയ ഗേറ്റ് ഹൗസ് എന്നിവയും നിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി 110 കിലോ ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുന്നത്. പി.പി.ചിത്തരഞ്ജൻ എം.എൽ.എ , പഞ്ചായത്ത് പ്രസിഡന്റ് സുദർശനാ ഭായ്, വൈസ് പ്രസിഡന്റ് സി.സി.ഷിബു സി.പി.ഐ ഏരിയ സെക്രട്ടറി രാധാകൃഷ്ണൻ അടക്കമുള്ളവർ മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.