 
# അപകടം പതിവായിട്ടും പരിഹാരമില്ല
കറ്റാനം: ഗതാഗതക്കുരുക്കിനെ തുടർന്ന് കെ.പി റോഡിലെ കറ്റാനം ജംഗ്ഷനിൽ അപകടം പതിവാകുന്നു. ബ്ലാക്ക് സ്‌പോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവിടെ അപകടങ്ങൾ നിയന്ത്രിക്കാൻ യാതൊരു നടപടിയുമില്ല.
കറ്റാനം, പുതിയകാവ്, താമരക്കുളം, ചൂനാട് ഉൾപ്പെടെ അഞ്ചിലധികം ഇടറോഡുകൾ ചേരുന്ന ജംഗ്ഷൻ കൂടിയാണിത്. രാത്രിയും പകലും ഒരേപോലെ തിരക്കേറിയിട്ടും ഗതാഗത നിയന്ത്രണത്തിനായി ബസ് സ്റ്റോപ്പ്, സിഗ്നൽ ലൈറ്റ് എന്നിവ ഏർപ്പെടുത്താൻ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഇടുങ്ങിയ ഭാഗമായതിനാൽ റോഡ് വികസന പദ്ധതികൾ വരുമ്പോൾ സാങ്കേതികത്വത്തിന്റെ പേരിൽ അവഗണിക്കപ്പെടുന്നു. ബ്ലാക്ക് സ്‌പോട്ടിലെ തകർന്ന കൈവരിയടക്കം ഗതാഗത നിയന്ത്രണ ക്രമീകരണങ്ങൾ താളം തെറ്റിയ നിലയിലാണ്. ഇതു മൂലം കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാകുന്നു.
ജംഗ്ഷനെ അപകടരഹിതമാക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് റോഡ് അനിവാര്യമാണെന്ന ആവശ്യവുമുണ്ട്. കൊല്ലം തേനിയുൾപ്പെടെ ഇരു ഹൈവേയ്ക്കും അനുബന്ധമായ കെ.പി റോഡിൽ കായംകുളത്ത് നിന്ന് ചാരുംമൂട് ജംഗ്ഷനിലേക്കു ബൈപ്പാസ് റോഡ് നിർമ്മിച്ചാൽ വെട്ടിക്കോട്, കറ്റാനം ഉൾപ്പെടെ 10 കിലോമീറ്റർ ദൂരത്തിൽ പ്രധാനപ്പെട്ട പത്തിലധികം ജംഗ്ഷനുകളിലെ തിരക്ക് ഒഴിവാകും. കായംകുളം, കൃഷ്ണപുരം, മങ്ങാരം, കണ്ണനാകുഴി റോഡുമായി ബന്ധിപ്പിച്ച് ചാരുംമൂട് ജംഗ്ഷനിലേക്ക് ബൈപ്പാസിന് നല്ല സാദ്ധ്യതയുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നിന്ന് കണ്ണനാകുഴി ചീപ്പ്മുക്ക് വരെ വലിയ വാഹനങ്ങൾ കടന്നു പോകത്തക്കവിധം റോഡ് നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
സ്‌കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ജംഗ്ഷനുകളാണു മിക്കതും. വാഹനങ്ങൾ ഏറിവരുന്ന കാലത്ത് ഗതാഗതക്കുരുക്കുമൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സമാന്തര റോഡ് അനിവാര്യമാണ്
എ.എം.ഹാഷിർ
(ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)