ambala
പുന്നപ്ര സമരഭൂമിയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ പുഷ്പചക്രം അർപ്പിക്കുന്നു. മുൻ മന്ത്രി ജി. സുധാകരൻ, എച്ച്. സലാം എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. തുടങ്ങിയവർ സമീപം

അമ്പലപ്പുഴ: പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്രയിൽ ആയിരങ്ങൾ പുഷ്പാർച്ചന നടത്തി. രാവിലെ 9ന് പുന്നപ്ര വടക്ക്, തെക്ക് പഞ്ചായത്തുകളിലെ വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ചെറു പ്രകടനങ്ങൾ കളർകോട് ബ്ലോക്ക് ജംഗ്ഷനിൽ കേന്ദ്രീകരിച്ച് ദേശീയപാത വഴി കപ്പക്കടയിലെത്തി 11നും അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പുറക്കാട് പഞ്ചായത്തുകളിൽ നിന്നുള്ളവർ വണ്ടാനം കേന്ദ്രീകരിച്ച് വൈകിട്ട് 5 നും രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന സമരഭൂമിയിലെത്തി.

തുടർന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മുൻ മന്ത്രി ജി. സുധാകരൻ, വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ, സെക്രട്ടറി എ. ഓമനക്കുട്ടൻ, വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ ഡോ. വി.എ. അരുൺകുമാർ, പി.വി.സത്യനേശൻ എന്നിവരും പാർട്ടി പ്രവർത്തകരും പുഷ്പചക്രം അർപ്പിച്ചു. സമരഭൂമിയിൽ നടന്ന രക്തസാക്ഷി അനുസ്മരണ സമ്മേളത്തിൽ ആർ. നാസർ, ടി.ജെ. ആഞ്ചലോസ് എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. സി. വാമദേവ് അദ്ധ്യക്ഷനായി. സി. ഷാംജി സ്വാഗതം പറഞ്ഞു. തുടർന്ന് റഷീദും സംഘവും വിപ്ലവഗാനങ്ങൾ അവതിരിപ്പിച്ചു.

വൈകിട്ട് 3 ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖ റിലേ ആരംഭിച്ചു. സമര സേനാനി പി.കെ. വിജയന്റെ പത്നി എൽ. സുലോചന തെളിച്ചു നൽകിയ ദീപശിഖ സമര സേനാനി കുന്നേവെളി പത്മനാഭന്റെ ചെറുമകൻ ദീപു ആനന്ദ് ഏറ്റുവാങ്ങി. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രയാണം നടത്തി വൈകിട്ട് 6 ന് സമര ഭൂമിയിൽ എത്തിച്ചേർന്നപ്പോൾ സമര സേനാനി എ.പി. കുമാരന്റെ ചെറുമകൻ ഇ.ജെ. അജിത്തിൽ നിന്ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ ദീപശിഖ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.