 
ആലപ്പുഴ: കൈനകരിയിൽ നടന്ന സി.ബി.എൽ ജലോത്സവത്തിൽ തെക്കനോടി വെപ്പ് വിഭാഗത്തിൽ നേടിയ വിജയം ആലപ്പുഴ നഗരസഭ ഹരിത കർമ്മ സേനാ ടീമിന് മധുരപ്രതികാരമായി.
നെഹ്രുട്രോഫി ജലമേളയിൽ ഹരിത കർമ്മ സേനയുടെ വളളത്തെയും തുഴക്കാരെയും അപായപ്പെടുത്താൻ വള്ളത്തിലുള്ളവർ തന്നെ ശ്രമിച്ചെന്ന ആരോപണവും പരാതികളും വാർത്തയായിരുന്നു. ഒന്നാമതായി തുഴഞ്ഞ് വന്നിരുന്ന വള്ളത്തിലെ നിലക്കാർ കായലിൽ ചാടിയതിനാൽ വള്ളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ ഇനിയൊരു ചതിക്ക് ഇരയാകില്ലെന്ന ചങ്കുറപ്പോടെ തുഴഞ്ഞാണ് സേന വിജയം കൈവരിച്ചത്. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് പ്ലേയിംഗ് ക്യാപ്ടനായ ടീമിന്റെ പ്രസിഡന്റ് മീനാക്ഷിയും സെക്രട്ടറി വിനീതയുമാണ്.
# അന്വേഷണം തുടരുന്നു
നെഹ്രു ട്രോഫി ജലമേളയിൽ വഞ്ചന നടന്നുവെന്ന് വീഡിയോ തെളിവ് സഹിതം നഗരസഭാദ്ധ്യക്ഷയുടെ നേതൃത്വത്തിൽ ഹരിതകർമ്മസേന കളക്ടർക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുകയാണ്. പ്രതികളുടെ മൊഴിയെടുത്തു.
ഹരിത കർമ്മ സേനയുടെ പദവിയും സ്വാഭിമാനവും ഉയർത്തുകയാണ് ലക്ഷ്യം. ജീവനെടുക്കാൻ നടത്തിയ ശ്രമത്തെ അതിജീവിച്ച് നേടിയ വിജയത്തിന് അതിമധുരമാണ്. നെഹ്രുട്രോഫി ജലമേളയിൽ ഒപ്പം നിന്ന് ചതിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കും
സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ