മാവേലിക്കര: അടുക്കളയിൽ കൈകഴുകാൻ അനുവദിച്ചില്ലെന്ന പേരിൽ ആറംഗ സംഘം ഹോട്ടൽ അടിച്ച് തകർത്തു. സംഭവത്തിൽ 3 പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച അർദ്ധരാത്രിയോടെ മാവേലിക്കര വെള്ളൂർകുളത്തിന് സമീപമുള്ള കസിൻസ് ഫാസ്റ്റ് ഫുഡ് കടയിലായിരുന്നു ആക്രമണം. അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന സിങ്കിൽ കൈയും വായും കഴുകാനുള്ള ശ്രമം തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. ജീവനക്കാരായ രതീഷ് ചന്ദ്രൻ, അനു ജയരാജ്, ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഹോട്ടലിന്റെ ഉൾഭാഗം അടിച്ച് തകർത്തു. ജീവനക്കാർക്കും പിടിച്ചുമാറ്റാൻ ചെന്നവർക്കും മർദ്ദനമേറ്റു. പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംഘം മടങ്ങിയത്. കൂട്ടത്തിലുള്ള ഒരാളുടെ മൊബൈൽ ഫോൺ നഷ്ടമായത് തിരിച്ചെടുക്കാൻ പിന്നീട് രണ്ട് പേർ കടയിൽ എത്തി. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇവരെ പ്രതീക്ഷിച്ച് റോഡിൽ കാത്തുനിന്ന മറ്റൊരാളെയും പിടികൂടി. പൊലീസ് പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിൽ പിന്നീട് രണ്ട് പേരെ മാവേലിക്കര ജംഗ്ഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
കണ്ടിയൂർ സ്വദേശികളായ വസിഷ്ഠ്, രാജീവ്, മണികണ്ഠൻ, മഹേഷ്, രതീഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാൾ ഒളിവിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ രതീഷ് ചന്ദ്രനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഷ് കൗണ്ടറിൽ ഇരുന്ന അനു ജയരാജിനും തലയ്ക്ക് പരിക്കുണ്ട്.