 
വള്ളികുന്നം: നാടകാചാര്യൻ തോപ്പിൽ ഭാസിയും തോപ്പിൽ രാമൻ പിള്ളയുമായുള്ള ബന്ധത്തിന് അക്കാലത്ത് നാടിളക്കിയ നാടകങ്ങളോളം തിളക്കമുണ്ട്. മുതുകുളം തെക്ക് തെക്കേ മായംപുരയ്ക്കൽ തോപ്പിൽ രാമൻപിള്ളയുടെ (വി. രാമൻപിള്ള- 79) വേർപാടോടെ നാടക വേദികളിലെ ഒരു യുഗത്തിനാണ് തിരശീല വീണത്.
തോപ്പിൽ ഭാസിയുടെ കുഞ്ഞമ്മയുടെ മകനാണ് തോപ്പിൽ രാമൻപിള്ള. ഭാസിയുടെ ഒളിവിലെ ഓർമ്മകൾ എന്ന നാടകത്തിൽ ജന്മിയുടെ കാര്യസ്ഥനായി തോപ്പിൽ രാമൻപിള്ള ശ്രദ്ധ നേടി. നാണു നായർ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2009ൽ ആണ് തോപ്പിൽ ഭാസി തിയറ്റേഴ്സ് നാടകം അവതിരിപ്പിച്ചത്. തോപ്പിൽ ഭാസിയുടെയും ശിഷ്യഗണത്തിൽ രാമൻപിള്ള പ്രമുഖനായിരുന്നു. ഈ സൗഹൃദം സിനിമാ മേഖലയിലേക്കും വളർന്നു. 25 വളർഷത്തോളം അരങ്ങിൽ നിറഞ്ഞു നിന്നു രാമൻ പിളള. 12 വർഷത്തോളം കെ.പി.എ.സിയിൽ ഓഫീസ് സെക്രട്ടറിയായിരുന്നു. ഇതിനിടെ, തോപ്പിൽ ഭാസി സംവിധാനം ചെയ്ത പൊൻകുന്നം വർക്കിയുടെ ഇരിമ്പു മറയിൽ എന്ന നാടകത്തിലും മറക്കാനാവാത്ത വേഷം ചെയ്തു.
ഹാസ്യ കഥാപ്രസംഗ രംഗത്തും ശ്രദ്ധേയനായിരുന്നു. ചെറുപ്പത്തിലേ നാടക രംഗത്തെത്തിയ ഇദ്ദേഹം നാടകകൃത്ത് നാടകനടൻ സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വള്ളികുന്നത്തെ മിക്ക നാടക സമിതികളിലും സജീവമായിരുന്നു. വിവാഹ ശേഷം കായംകുളം മുതുകുളത്ത് താമസമാക്കിയെങ്കിലും നാടക ഗ്രാമമായ വള്ളികുന്നം തന്നെയായിരുന്നു തട്ടകം. തോപ്പിൽ വേലായുധൻ പിളളയുടെയും ഈശ്വരിക്കുട്ടിയുടെയും 5 മക്കളിൽ ഇളയ ആളാണ്.