മാന്നാർ: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മാന്നാർ നായർസമാജം സ്ക്കൂൾ മൈതാനിയിൽ നടക്കുന്ന ചെങ്ങന്നൂർ പെരുമ സർഗോത്സവത്തിന് മുന്നോടിയായി മാന്നാറിൽ നടന്ന വിളംബര ഘോഷയാത്ര നാടിന്റെ സാംസ്കാരിക പൈതൃകവും തനിമയും വിളിച്ചോതുന്നതായി. കാർഷിക സംസ്കൃതിയുടെ അടയാളങ്ങൾ നിറഞ്ഞു നിന്ന നിശ്ചല ദൃശ്യങ്ങളും നാടൻ കലാരൂപങ്ങളും വർത്തമാന കാലത്തിന്റെ ദുരവസ്ഥകളും അണിനിരന്ന വർണ ശബളമായ ഘോഷയാത്രയിൽ മാന്നാർ, ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിൽ നിന്നുമായി രണ്ടായിരത്തോളം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. കലപ്പയേന്തിയ കർഷകരും, ഞാറ്റുപാട്ടിന്റെ ഈരടികളുമായി കർഷക സ്ത്രീകളും, കൊവിഡ് കാലത്തെ ഓർമ്മപെടുത്തലുകളും, ചുണ്ടൻ വള്ളങ്ങളും, ദഫ് മുട്ടും, കൊൽക്കളിയും, തെയ്യവും വിളംബര ഘോഷയാത്രക്ക് മാറ്റ് കൂട്ടി. സജി ചെറിയാൻ എം.എൽ.എയുടെ നേതൃത്വത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഘോഷയാത്രയിൽ പങഅകെടുത്തു. പരുമല ദേവസ്വംബോർഡ് പമ്പാകോളേജിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മാന്നാർ നായർസമാജം സ്‌കൂൾ മൈതാനിയിൽ അവസാനിച്ചു. മാന്നാർ പൊലീസ്, കെ.എസ്.ഇ.ബി, ആരോഗ്യ വിഭാഗം തുടങ്ങിയവരുടെ സേവനം ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിന് സാന്നിധ്യമായി.