sajayakumar
ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാറിൽ നടക്കുന്ന സർഗ്ഗോത്സവത്തിനു മുന്നോടിയായി മാന്നാർ നായർ സമാജം സ്‌കൂൾ മൈതാനിയിൽ നടന്ന 'വർണായനം' പരിപാടിയിൽ കാലു കൊണ്ട് ചിത്ര രചന നടത്തുന്ന പട്ടാഴി സ്വദേശി സജയ കുമാർ

മാന്നാർ: കേരള ലളിതകല അക്കാഡമിയുടെ നേതൃത്വത്തിൽ നടന്ന 'വർണായനം' മാന്നാർ നായർ സമാജം സ്‌കൂൾ മൈതാനിയിൽ വിസ്മയം തീർത്തു. ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി മാന്നാറിൽ നടക്കുന്ന സർഗ്ഗോത്സവത്തിനു മുന്നോടിയായി 100 മീറ്റർ നീളമുള്ള കാൻവാസിൽ നൂറോളം ചിത്രകാരന്മാർ അണിനിരന്ന ചിത്ര രചനയിൽ ചെങ്ങന്നൂരിന്റെ പൈതൃകവും ഓണാട്ടുകരപ്പെരുമയും വർണങ്ങളിൽ നിറച്ചാർത്തണിഞ്ഞു.

കൈകളില്ലാത്തതിനാൽ കാലു കൊണ്ട് ചിത്ര രചന നടത്തിയ പട്ടാഴി സ്വദേശി

സജയ കുമാർ (34) ശ്രദ്ധാകേന്ദ്രമായി. മാവേലിക്കര രവിവർമ്മ കോളേജിൽ നിന്നു നാല് വർഷം ബി.എഫ്.എ പൂർത്തിയാക്കിയ സജയ കുമാർ ചെറുപ്പം മുതലേ ചിത്രരചനയിൽ കഴിവ് തെളിയിച്ചിരുന്നു. സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി കുളക്കട പി.ആർ.സി സ്റ്റാഫായി വിവിധ സ്‌കൂളുകളിലെ ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ചിത്ര രചന പഠിപ്പിക്കുന്ന സജയകുമാർ പട്ടാഴി പന്തപ്ലാവ് വിജയ വിലാസത്തിൽ പരേതനായ വിജയന്റെയും സുമയുടെയും മകനാണ്.

രാവിലെ ഒമ്പത് മുതൽ ഒന്നു വരെ നടന്ന വർണായനം ചിത്രകാരൻ ഷിബു നടേശൻ ഉദ്ഘാടനം ചെയ്തു. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ലളിതകല അക്കാഡമി സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.