അമ്പലപ്പുഴ: മദ്യലഹരിയിൽ അച്ഛനെയും ചെറിയമ്മയേയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കാകൻ മനു വധ കേസ് അടക്കം 6 കേസുകളിൽ പ്രതിയായ പുന്നപ്ര വടക്കു പഞ്ചായത്ത് 13-ാം വാർഡ് കാക്കരിയിൽ വീട്ടിൽ ജോസഫ് സിബിച്ചനെയാണ് (21) പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.
ഇയാൾ പുന്നപ്ര പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുണ്ട്. പിതൃ സഹോദരൻ റോയിയുടെ വീട്ടിൽ മദ്യപിച്ചെത്തി സുഹൃത്തുക്കൾക്ക് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ അച്ഛൻ സിബിച്ചൻ തടഞ്ഞു. തുടർന്ന് പട്ടിക ഉപയോഗിച്ച് സിബിച്ചനെയും റോയിയുടെ ഭാര്യ ശോശമ്മയേയും ഇയാൾ ക്രൂരമായി മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. മർദ്ദനമേറ്റ ഇരുവരും ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സ തേടി.ഇവരുടെ പരാതിയിൽ മനപ്പൂർവമല്ലാത്ത വധശ്രമത്തിനാണ് പുന്നപ്ര പൊലീസ് കേസെടുത്തത്.