കായംകുളം: എരുവയിൽ ഓട്ടോ ഡ്രൈവർമാർ അടക്കം മൂന്നുപേർക്ക് തെരുവ് നായുടെ കടിയേറ്റു. അക്രമകാരിയായ നായയെ നാട്ടുകാർ തല്ലിക്കൊന്നു. എരുവ ലക്ഷ്മി ഭവനം വീട്ടിൽ ഹരികുമാർ, രാജു ഭവനത്തിൽ രാജു, കാഞ്ഞിരക്കാട്ട് പടീറ്റതിൽ രമണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർമാരായ ഹരികുമാറും രാജുവും എരുവ ക്ഷേത്രത്തിന് സമീപമുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഓട്ടോയ്ക്ക് ഉള്ളിൽ ഇരിക്കുമ്പോൾ നായയുടെ കടിയേറ്റത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രമണന് കടിയേറ്റത്.മൂന്ന് പേർക്കും കാലിനാണ് പരിക്ക്. കടിയേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.