# എൻഫോഴ്സ്‌മെന്റ് വിഭാഗത്തെ നിയമിക്കണമെന്ന് വിദഗ്ദ്ധർ
ആലപ്പുഴ: പിടക്കപ്പെടുന്നവർ ചെറിയ പിഴ അടച്ച് തുടർ ശിക്ഷകളിൽ നിന്ന് രക്ഷപ്പെടുന്നതിനാൽ ഒരിക്കലും തടയാനാവാത്ത റേഷൻ കരിഞ്ചന്തയുടെ വേരറുക്കാൻ നിലവിലെ നിയമം പരിഷ്കരിച്ച് എൻഫോഴ്സ്‌മെന്റ് വിഭാഗത്തെ നിയമിക്കണമെന്ന് വിദഗ്ദ്ധർ.
കർശന പരിശോധനയുമായി സിവിൽ സപ്‌ളൈസ് അധികൃതർ രംഗത്തുണ്ടെങ്കിലും കരിഞ്ചന്ത തടയാനാവുന്നില്ല. പിടികൂടുന്ന ഭക്ഷ്യധാന്യങ്ങൾ ഗോഡൗണിലേക്കു കണ്ടുകെട്ടുകയാണ് നിലവിലെ നിയമം അനുസരിച്ച് പരിശോധന സംഘം ചെയ്യുന്നത്. പൊലീസ് പിടിക്കുന്ന കേസുകൾ മാത്രമാണ് കോടതിയിൽ എത്താറുള്ളത്. ക്രിമിനൽ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാൻ അധികാരം ഇല്ലാത്തതാണ് പ്രതികൾക്ക് സഹായകമാവുന്നത്. സപ്ളൈകോ, ഭക്ഷ്യ സുരക്ഷാ വിഭാഗം, നികുതി, അളവ് തൂക്ക വിഭാഗം, മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിൽ എൻഫോഴ്സ്‌മെന്റ് വിഭാഗമുണ്ട്. ഇവരുടെ പരിശോധനകളിൽ പിടക്കപ്പെടുന്നവർക്കെതിരെ ക്രിമിനൽ നിയമപ്രകാരമാണ് നടപടികൾ.
# പിടിച്ചത് 50,000 കിലോ റേഷനരി
ഒരുവർഷത്തിനിടെ ജില്ലാ സപ്‌ളൈ ഓഫീസ് അധികൃതർ, പൊലീസ്, ഭക്ഷ്യസുരക്ഷ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് 50,000 കിലോ റേഷനരി പിടിച്ചെടുത്ത് 50ൽ അധികം കേസുകൾ എടുത്തു. കഴിഞ്ഞ ദിവസം കാർത്തികപ്പള്ളി താലൂക്കിൽ നടത്തിയ പരിശോധനയിൽ കരുവാറ്റ, ചേപ്പാട് എന്നിവടങ്ങളിൽ നിന്ന് 118 ചാക്ക് അരിയാണ് പിടികൂടിയത്. മുമ്പ് പലതവണ കരുവാറ്റയിൽ നിന്ന് അരി, ഗോതമ്പ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ശിക്ഷ കർശനമായിരുന്നെങ്കിൽ ആവർത്തിക്കില്ലായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷ്യ സുരക്ഷ കമ്മിഷണർ വരെ വിഷയത്തിൽ ഇടപെട്ടിട്ടും ജില്ലയിൽ റേഷൻ കരിഞ്ചന്ത തടയാനായില്ല. രാഷ്ട്രീയ ഇടപെടലും ഉദ്യോഗസ്ഥർക്ക് തലവേദനയാവുന്നു. ജില്ലാ സപ്‌ളൈ ഓഫീസറുടെ നേതൃത്വത്തിൽ മൂന്നു മാസത്തിനിടെ 10,000കിലോ റേഷനരി പിടിച്ചെടുത്തു. കരുവാറ്റയിൽ എ.എ.വൈ, ബി.പി.എൽ കാർഡുകളുടെ ഭക്ഷ്യധാന്യങ്ങൾ കൂട്ടത്തോടെ വാങ്ങി കോഴി, താറാവ്, മത്സ്യ ഫാമുകളിൽ എത്തിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
# അടുക്കളയിൽ ഇല്ല!
എ.എ.വൈ, ബി.പി.എൽ റേഷനരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും 35 ശതമാനം പേരും അടുക്കളയിൽ ഉപയോഗിക്കുന്നില്ല. പാതിയിലേറെയും കരിഞ്ചന്തയിലേക്കും മറിയുകയാണ്. അന്ത്യോദയ അന്നയോജന (എ.എ.വൈ) പദ്ധതി പ്രകാരം ഒരു കാർഡിന് മാസം 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമാണ്. ബി.പി.എൽ കാർഡുകളിൽ ഒരംഗത്തിന് പ്രതിമാസം 4 കിലോ അരിയും ഒരുകിലോ ഗോതമ്പും രണ്ട് രൂപ നിരക്കിൽ നൽകുന്നുണ്ട്.
വരും ദിവസങ്ങളിലും എല്ലാ താലൂക്കുകളിലും പരിശോധന തുടരും. നടപടികൾ ശക്തമാക്കാനാണ് തീരുമാനം
ടി.ഗാനാദേവി, ജില്ലാ സപ്‌ളൈ ഓഫീസർ
# കാർഡ് പരിശോധന
പിഴത്തുക: 2.74 ലക്ഷം
എ.എ.വൈ കാർഡുകൾ: 61
ബി.പി.എൽ: 225
സബ്സിഡി കാർഡ്: 80