അമ്പലപ്പുഴ: ദീപാവലി ദിവസം കടലിൽ കുളിക്കവേ കാണാതായ പ്ളസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. പുന്നപ്ര ചള്ളിയിൽ ജിതേഷ് (കുഞ്ഞുമോൻ) -ശ്രീലത ദമ്പതികളുടെ മകൻ ഹരീഷ് (16) ആണ് മരിച്ചത്.
രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ഹരീഷ് കടലിൽ ഇറങ്ങിയത്. തിരമാലയിൽപ്പെട്ട വിവരം അലറിക്കരഞ്ഞെത്തിയ സുഹൃത്തുക്കൾ നാട്ടുകാരോട് പറഞ്ഞതോടെ നാടൊന്നാകെ ചള്ളി കടപ്പുറത്തേക്ക് ഒഴുകിയെത്തി. മത്സ്യത്തൊഴിലാളികൾ പൊന്തുവള്ളങ്ങളിലും ഫൈബർ വള്ളങ്ങളിലും തെരച്ചിലിനിറങ്ങി. ഫയർഫോഴ്സും പുന്നപ്ര പൊലീസും തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും മത്സ്യഫെഡിന്റെ ബോട്ടും തെരച്ചിലിൽ പങ്കുചേർന്നു. രാത്രി വൈകിയിട്ടും ഫലമുണ്ടായില്ല. ഇന്നലെ പുലർച്ചെ വീണ്ടും തെരച്ചിൽ തുടർന്നു. അഞ്ചരയോടെ, അഖിലാനന്ദന്റെ ഉടമസ്ഥതയിലുള്ള ആണ്ടിയാർ ദീപം വള്ളത്തിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങി. കാണാതായ സ്ഥലത്തു നിന്നു 200 മീറ്റർ വടക്കുഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.
അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥിയായ ഹരീഷ് തിങ്കളാഴ്ച രാവിലെ 7ന് മഡോണ പള്ളിക്കു സമീപമാണ് കടലിൽ ഇറങ്ങിയത്. മത്സ്യത്തൊഴിലാളിയാണ് അച്ഛൻ ജിതേഷ്. ഇവരുടെ മൂന്ന് മക്കളിൽ ഇളയവനാണ് ഹരീഷ്. സഹോദരിമാരായ ഹിമയും ഹണിയും വിദ്യാർത്ഥികളാണ്.