
അമ്പലപ്പുഴ: ദേശീയപാതയിൽ നീർക്കുന്നം ഭാഗത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന ഷിപ്പ് യാർഡ് ടെക്നീഷ്യൻ മരിച്ചു. ഇന്നലെ പുലർച്ചെ 1.50 ഓടെ നീർക്കുന്നം ഇജാബ പള്ളിക്കു സമീപമുണ്ടായ അപകടത്തിൽ കൊല്ലം അഞ്ചൽ അയിരനല്ലൂർ പ്രിൻസ് ഭവനിൽ പ്രിൻസ് (40) ആണ് മരിച്ചത്.
ഷിപ്പ് യാർഡിലേക്ക് ജോലിക്കു പോകുകയായിരുന്ന പ്രിൻസ് ഓടിച്ചിരുന്ന കാർ എതിർദിശയിൽ വന്ന പാഴ്സൽ ലോറിയുമായി ഇടിക്കുകയായിരുന്നു. കാറിൽ പ്രിൻസ് മാത്രമേ ഉണ്ടായിരുന്നുളളൂ. കാർ വെട്ടിപ്പൊളിച്ചാണ് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇദ്ദേഹത്തെ പുറത്തെടുത്തത്. സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാർ പൂർണമായും തകർന്നു.